മലപ്പുറം: ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ ഓടുന്ന കാറിന് തീ പിടിച്ചു, ആറംഗ കുടുംബവും ബന്ധുവും രക്ഷപ്പെട്ടതും അത്ഭുതകരമായി. കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മോങ്ങം ഹിൽടോപ്പിൽ വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാൽ കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവം.
തീപിടിച്ച കാർ നിമിഷങ്ങൾക്കകം പൂർണമായും കത്തി നശിച്ചു. നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങൾ തടഞ്ഞതിനാൽ വലിയ ദുരന്തം വഴിമാറുകയായിരുന്നു. വള്ളുവമ്പ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകൻ അലി അനീസ്, ഭാര്യ ബാസിമ, മക്കളായ ഐസം, ഹെസിൻ, ബന്ധു ഷബീറലി എന്നിവർ സഞ്ചരിച്ച കാറാണ് അഗ്‌നിക്കിരയായത്. വീട്ടിൽനിന്ന് എടവണ്ണപ്പാറയിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ഹിൽടോപ്പിലെത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുകയായിരുന്നു.
ഇതോടെ കുടുംബം വാഹനത്തിൽനിന്ന് പുറത്തിറങ്ങി. അടുത്തുള്ള വർക് ഷോപ്പിൽ വിവരം അറിയിക്കുന്നതിനിടെയാണ് തീ വാഹനത്തിൽ പടർന്നതെന്നാണ് അലി അനീസ് പറയുന്നത്. നാട്ടുകാരും മലപ്പുറത്ത് നിന്നെത്തിയ അഗ്‌നിരക്ഷാസേനാംഗങ്ങളും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.