മലപ്പുറം: നിലമ്പൂരില്‍ ഫാഷന്‍ പരേഡുമായി ഒരു കള്ളന്‍. മോഷ്ടിക്കാന്‍ കയറിയതാണോ അതോ ഫാന്‍സി ഡ്രസ് ഷോ ആണോ എന്നാണ് സംശയം. ഏതായാലും നിരാശയാണ് ഫലം. നിലമ്പൂരിനടുത്ത വടപുറം പാലാപ്പറമ്പിലെ വെഞ്ചാലിൽ ജെയിംസിൻ്റെ മകൾ ജെയ്‌സിയുടെ ആള്‍താമസമില്ലാത്ത വീട്ടിലാണ് സംഭവം. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലാണ് കള്ളൻ്റെ വേറിട്ട പ്രകടനങ്ങൾ കണ്ടെത്തിയത്.
വെള്ള മുണ്ടും വരയൻ ടീ ഷര്‍ട്ടും മാസ്‌കും മങ്കിക്യാപും ധരിച്ച് അണിഞ്ഞൊരുങ്ങി കള്ളന്‍ നടന്നുവരുന്നത് സിസിടിവി വീഡിയോയില്‍ വ്യക്തമാണ്. ഒക്ടോബര്‍ 31ന് രാത്രി 8.30നായിരുന്നു സംഭവം. വീടിന്റെ കിഴക്കുഭാഗത്തുള്ള മതില്‍ ചാടിയാണ് കള്ളന്‍ വീട്ടുവളപ്പില്‍ കയറിയത്. ശേഷം കയ്യിലുണ്ടായ ടോർച്ച് ഉപയോഗിച്ച് നോക്കി വീട്ടില്‍ ആളില്ലെന്ന് ഉറപ്പാക്കുകയായിരുന്നു. പിന്നീട് വീടിന് ചുറ്റും നടന്നു.
അടുക്കള ഭാഗത്ത് നിന്ന് തൂമ്പ എടുത്തുകൊണ്ടുവന്ന് മുന്‍ വാതിലിന്റെ പൂട്ട് പൊളിക്കാന്‍ ശ്രമിച്ചെങ്കിലും വേറെ പൂട്ടുള്ളതിനാല്‍ വീടിന് അകത്ത് കയറാനായില്ല. ശേഷം വീടിന്റെ ഭിത്തി വഴി ഒന്നാം നിലയില്‍ കയറാന്‍ ശ്രമിച്ചെങ്കിലും കയറാന്‍ സാധിച്ചില്ല. പിന്നീട് പരാജയപ്പെട്ട് വീടിന്റെ വരാന്തയില്‍ കുത്തിയിരുന്നു. പുകവലിക്കുകയും മദ്യപിക്കുകയും ചെയതു. ശേഷം കുറച്ച് നേരം കിടന്നു. പിന്നീടാണ് വേഷം മാറിയത്. മുണ്ടും വരയന്‍ ടീഷര്‍ട്ടും മാറി മിഡിയും ടോപ്പും ധരിച്ചു. മുടി പുറകില്‍ കെട്ടിവെച്ചിരുന്നു. കുറച്ച് കഴിഞ്ഞ് വരാന്തയില്‍ ഇരുന്ന് സ്ത്രീ വേഷം മാറി പാൻ്റും ടീഷര്‍ട്ടും ധരിച്ചു. പല വട്ടം വേഷം മാറി അഞ്ച് മണിക്കൂര്‍ വീട്ടില്‍ ചെലവിട്ട ശേഷം വെറും കൈയ്യോടെ മടങ്ങുകയായിരുന്നു. ജെയ്‌സിയും കുടുംബവും വിദേശത്താണ്. അതുകൊണ്ട് ജയിംസ് എല്ലാ ദിവസവും വീട് വന്ന് നോക്കി പോകുകയാണ് പതിവ്.