Kerala News

മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു.

മലപ്പുറം നടുവത്ത് നിപ സംശയിക്കുന്ന യുവാവിന്റെ സമ്പർക്ക പട്ടിക വിപുലീകരിച്ചു. യുവാവുമായി നേരിട്ട് സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയാണിത്. 26 ൽ നിന്നും ഇപ്പോൾ 151 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരിൽ രണ്ടുപേർക്ക് രോഗലക്ഷണമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. തുടർന്ന് ഇവരെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാമ്പിളുകൾ നിപ പരിശോധനയ്ക്ക് അയക്കും. തിരുവാലി പഞ്ചായത്തിൽ മാസ്ക് നിർബന്ധമാക്കി.

അതേസമയം, കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ബെംഗളൂരുവിൽ നിന്ന് എത്തിയ വിദ്യാർത്ഥിയായ 24 കാരൻ മരിച്ചത്. യുവാവിന് നിപയെന്നാണ് പ്രാഥമിക പരിശോധന ഫലം. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഫലം ഇന്ന് എത്തിയേക്കും.

വണ്ടൂർ പഞ്ചായത്തിലെ നടുവത്ത് സ്വദേശിയും ബെംഗുളുരുവിൽ വിദ്യാർത്ഥിയുമായ 24കാരൻ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ വച്ച് മരിച്ചത്. നിപ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് സ്രവസാമ്പിൾ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. കോഴിക്കോട്ട് നടത്തിയ പരിശോധനയിലാണ് നിപ പോസിറ്റീവ് എന്ന ഫലം വന്നത്. സ്ഥിരീകരണത്തിനായി പുനെ എൻഐവി യിലേക്ക് സാമ്പിൾ അയച്ചിട്ടുണ്ട്. സ്രവ സാമ്പിൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് അയക്കാൻ അഞ്ചു ദിവസം വൈകിയത് എന്തുകൊണ്ടെന്ന് വ്യക്തമല്ല. ആഗസ്റ്റ് 23നായിരുന്നു ബെംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബെംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരുക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം. നേരത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി നിപ ബാധിച്ച മരിച്ച ചെമ്പ്രശ്ശേരിയിൽ നിന്ന് 10 കിലോമീറ്റർ മാത്രം മാറിയാണ് ഇപ്പോൾ നിപ ലക്ഷണങ്ങളേടെ മരിച്ച യുവാവിന്റെ വീട്.

Related Posts

Leave a Reply