മലപ്പുറം തിരൂരിൽ വീട്ടമ്മയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ രംഗത്ത്. തിരൂർ ആലത്തിയൂർ പൊയിലിശേരി സ്വദേശി പെരുള്ളി പറമ്പിൽ ആയിശുമ്മയുടെ മരണത്തിന് പിന്നാലെയാണ് ആരോപണവുമായി ബന്ധുക്കൾ രംഗത്ത് എത്തിയത്. ആശുപത്രി ഫാർമസിയിൽ നിന്ന് മാറി നൽകിയ മരുന്ന് കഴിച്ചാണ് ആയിശുമ്മ മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. ബന്ധുക്കളുടെ പരാതിയിൽ തിരൂർ പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്തു. തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി എത്തിയ ആയിശുമ്മ കഴിഞ്ഞ വെള്ളിയാഴ്ചയാണ് മരിച്ചത്. ഡോക്ടർ എഴുതി നൽകിയ മരുന്നല്ല ഫാർമസിയിൽ നിന്ന് ആയിശുമ്മക്ക് നൽകിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. മരുന്ന് മാറി നൽകിയത് അറിയാതെ അഞ്ച് ദിവസത്തോളം വീട്ടമ്മ ഗുളിക കഴിച്ചെന്നും ഇതോടെയാണ് വയറിലും വായിലും അലർജി ഉണ്ടായതെന്നും കുടുംബം ആരോപിക്കുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് പെരിന്തൽമണ്ണയിലും കോഴിക്കോടുമായി വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ആയിശുമ്മയുടെ ജീവൻ രക്ഷിക്കാനായില്ല.സംഭവത്തിൽ ആരോഗ്യ മന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.