മഞ്ചേരി: മലപ്പുറം എടയൂര്‍ അത്തിപ്പറ്റയില്‍ റോഡ് മുറിച്ച് കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനിയെ ഇരുചക്രവാഹനം ഇടിച്ച് തെറിപ്പിച്ചു. അത്തിപറ്റ ചോലയില്‍ വീട്ടില്‍ ഇസ്ഹാഖിന്‍റെ ഒൻപതു വയസുകാരിയായ മകള്‍ ഫാത്തിമ ഹാദിയയെയാണ് വാഹനം ഇടിച്ചുതെറിപ്പിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് അപകടം.
റോഡിൽ ബസ് കാത്ത് നിൽക്കുകയായിരുന്നു ഫാത്തിമ. എതിർ ദിശയിൽ നിന്നെത്തിയ മിനി ബസ് ഫാത്തിമ നിന്നിരുന്ന വശത്തിന് അപ്പുറത്ത് വന്ന് നിൽക്കുന്നത് വീഡിയോയിൽ കാണാം. ബസിൽ കയറാനായി റോഡ് മുറിച്ച് കടക്കവേ അമിത വേഗതയിലെത്തിയ സ്കൂട്ടർ പെൺകുട്ടിയെ ഇടിക്കുകയായിരുന്നു.
പെൺകുട്ടിയെ ഇടിച്ച് തെറിപ്പിച്ച് സ്കൂട്ടർ യാത്രികരും റോഡിൽ നിയന്ത്രണം വിട്ട് വീണു. ഇവർക്കും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ ഹാദിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടം കണ്ട് ഓടിയെത്തിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.