കോട്ടയം: ട്രെയിനിനുള്ളിൽ മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി തിരിച്ചിറങ്ങവേ ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു ദാരുണ സംഭവം. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. പൂനയിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു ദീപക്. പൂനെയിൽ നിന്നും കോഴ്സ് പൂർത്തിയാക്കി വീട്ടിലേക്ക് വരികയായിരുന്നു ദീപക്. പൂനെ കന്യാകുമാരി എക്സ്പ്രസ് ട്രെയിനിൽ നിന്നും വീണാണ് അപകടമുണ്ടായത്. സാധനങ്ങൾ എല്ലാം പ്ലാറ്റ്ഫോമിലേക്ക് എടുത്തു വച്ചിരുന്നു. എങ്കിലും കണ്ണട എടുക്കാൻ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറി. എന്നാൽ ഈ സമയം ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു. വേഗത്തിൽ ട്രെയിനിൽ നിന്നും ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്. അപകടത്തിൽ ശരീരം രണ്ടായി മുറിഞ്ഞു പോയിരുന്നു.