കുസാറ്റിൽ തിക്കിലും തിരക്കിലുംപ്പെട്ട് മരിച്ചവരിൽ നാലാമത്തെ വ്യക്തി കുസാറ്റിലെ വിദ്യാർത്ഥിയല്ലെന്ന് റിപ്പോർട്ട്. 23 കാരനായ ആൽബിൻ ജോസഫാണ് മരിച്ചത്. പാലക്കാട് മുണ്ടൂർ എഴക്കാട് സ്വദേശിയാണ് ആൽബിൻ. ഇന്ന് രാവിലെയാണ് ആൽബിൻ എറണാകുളത്ത് എത്തിയത്.
കുസാറ്റ് ദുരന്തത്തിൽ മരിച്ച നാല് പേരെയും തിരിച്ചറിഞ്ഞുിട്ടുണ്ട്. കോഴിക്കോട് താമരശേരി സ്വദേശി സാറ തോമസ്, നോർത്ത് പറവൂർ സ്വദേശിനി ആൻ റിഫ്റ്റ, കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി എന്നിവരാണ് മരണപ്പെട്ട മറ്റ് മൂന്ന് പേർ.
ഇന്ന് 7 മണിയോടെയാണ് കുസാറ്റിൽ അപകടം സംഭവിക്കുന്നത്. രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളും ഉൾപ്പെടെ നാല് വിദ്യാർത്ഥികളാണ് മരണപ്പെട്ടത്. 64 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ 4 പേരുടെ നില ഗുരുതരമാണ്. 46 പേരെ മെഡിക്കൽ കോളജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. 15 പേരെ കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അപകടത്തിൽ 64 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. കളമശേരി മെഡിക്കൽ കോളജിലും, കിൻഡർ ആശുപത്രിയിലും, ആസ്റ്റർ മെഡിസിറ്റിലിയിലുമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നിന്നും കൂടുതൽ ഡോക്ടർമാർ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
കുസാറ്റിലെ ഓപ്പൺ സ്റ്റേജിൽ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഓപ്പൺ സ്റ്റേജിന് ഒരു ഗേറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. മഴപെയ്തപ്പോൾ ഈ ഗേറ്റ് വഴി ആയിരത്തിലധികം പേർ ഒരുമിച്ച് ഓടിക്കയറിയതാണ് അപകടത്തിലേക്ക് വഴിവച്ചതെന്നാണ് പ്രാഥമിക നിഗമനം.
ഓഡിറ്റോറിയത്തിൽ 700-800 വിദ്യാർത്ഥികളായിരുന്നു ഉണ്ടായിരുന്നത്. പുറത്ത് നിന്ന് രണ്ടായിരത്തോളം വിദ്യാർത്ഥികൾ കൂടി ഇരച്ചെത്തിയതോടെ തിക്കിലും തിരക്കിലും പെട്ടെ വിദ്യാർത്ഥികൾ വീഴുകയായിരുന്നു. പിൻനിരയിൽ നിന്നവരും വോളന്റിയർമാർക്കുമാണ് ഗുരുതര പരിക്കുകൾ സംഭവിച്ചത്. 13 പടികൾ താഴ്ച്ചയിലേക്കാണ് വിദ്യാർത്ഥികൾ വീണത്.