Kerala News

മരിച്ചിട്ടും ആശ്വാസവാക്ക് പറഞ്ഞ് ഒരു നേതാവ് പോലും വിളിച്ചില്ല’; എൻഎം വിജയൻ്റെ കുടുംബം

വയനാട്: വയനാട് ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ആത്മഹത്യ ചെയ്യുന്നതിന് മുൻപെഴുതിയ അവസാന കുറിപ്പ് പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി മകൻ വിജേഷും ഭാര്യ പത്മജയും. അച്ഛൻ അവസാനമായി പറഞ്ഞത് പേടിക്കേണ്ടെന്നും അച്ഛൻ പറയുന്നത് പോലെ മാത്രം കാര്യങ്ങൾ ചെയ്താൽ മതിയെന്നുമാണ്. സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതായി തോന്നിയിരുന്നു. പക്ഷേ അതേക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് മക്കൾ റിപ്പോർട്ടറിനോട് പ്രതികരിച്ചു. കാര്യം എന്താണെന്ന് ചോദിച്ചാലും എല്ലാം ശരിയാകും എന്ന് മാത്രമാണ് പറഞ്ഞത്. ഒരു ഡിസിസി ട്രഷറർ മരിച്ചിട്ട് ഒരു കോൺ​ഗ്രസ് നേതാവ് പോലും തങ്ങളെ വിളിക്കുകയോ ആശ്വാസവാക്ക് പറയുകയോ ചെയ്തിട്ടില്ലെന്നും മകൻ വിജേഷ് പറഞ്ഞു.

പുറത്ത് മറ്റ് വലിയ പ്രശ്നങ്ങൾ നടക്കുമ്പോഴും കുടുംബ പ്രശ്നമായി മാത്രം ചുരുക്കാനായിരുന്നു പാർട്ടിയുടെ നീക്കം. കത്ത് ആദ്യം നാല് പേർക്ക് അയക്കണമെന്നും അവരിൽ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമാണ് കത്ത് പൊലീസുകാർക്ക് പോലും നൽകേണ്ടതുള്ളൂവെന്നുമായിരുന്നു അച്ഛൻ പറഞ്ഞതെന്നും മരുമകളായ പത്മജ പ്രതികരിച്ചു. ‘നേരിട്ട് ഇതിനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. അവസാനമായി പറഞ്ഞത് പേടിക്കേണ്ടെന്നും അച്ഛൻ പറയുന്നത് പോലെ മാത്രം കാര്യങ്ങൾ ചെയ്താൽ മതിയെന്നുമാണ്. വിശദമായി ഇതിനെ കുറിച്ച് ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. കത്ത് കാണുമ്പോഴാണ് മറ്റ് വിവരങ്ങൾ അറിയുന്നത്. മരിച്ചിട്ട് സഞ്ചയനത്തിന്റെ അന്ന് വരെ ആരും വന്നിട്ടുണ്ടായില്ല. മരിച്ചത് ഡിസിസി ട്രഷറർ ആണ്. ഒരു നേതാവ് പോലും വിളിച്ച് ഒരു ആശ്വാസ വാക്ക് പോലും പറഞ്ഞിട്ടില്ല’, വിജേഷ് പറഞ്ഞു.

പാർട്ടിക്കാർ തന്നെ അച്ഛൻ എന്തെങ്കിലും എഴുതിവച്ചിരുന്നോ എന്ന് ചോദിച്ചിരുന്നു. ദഹിപ്പിക്കേണ്ടെന്നും സംസ്കരിച്ചാൽ മതിയെന്നും അച്ഛൻ പറഞ്ഞിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ചടങ്ങുകൾ നടക്കുന്നതിനിടെ പാർട്ടിക്കാർ കുടുംബയോ​ഗം വിളിച്ച് ഞങ്ങൾക്കെതിരെ തിരിയുന്ന സ്ഥിതിയുണ്ടാക്കിയിരുന്നുവെന്നും പത്മജ കൂട്ടിച്ചേർത്തു. വലിയ പ്രശ്നങ്ങൾ ചുറ്റും നടക്കുമ്പോഴും കുടുംബ പ്രശ്നമായി മാത്രം ചുരുക്കാനായിരുന്നു അവരുടെ നീക്കം. കത്ത് ആദ്യം നാല് പേർക്ക് അയക്കണമെന്നും അവരിൽ നിന്ന് പ്രതികരണം ഉണ്ടായില്ലെങ്കിൽ മാത്രമാണ് കത്ത് പൊലീസുകാർക്ക് പോലും നൽകേണ്ടതുള്ളൂവെന്നുമായിരുന്നു അച്ഛൻ പറഞ്ഞത്. സുധാകരൻ എന്നയാൾക്ക് അയച്ച കത്തിൽ പോലും സാറേ ഇതിന് ഇടവരുത്തരുതേ എന്നാണ് അച്ഛൻ എഴുതിയത്. കുടുംബത്തിനെ രക്ഷിക്കണം എന്നും അച്ഛൻ എഴുതിയിരുന്നു. മെഡിക്കൽ കോളേജിലൊക്കെ വരികയും സംസാരിക്കുകയും ചെയ്തിരുന്നു. മരിച്ച് അടുത്ത ദിവസമായിട്ട് പോലും ഒരു നേതാവ് പോലും വീട്ടിലെത്തിയിട്ടില്ലെന്ന് പത്മജ റിപ്പോർട്ടറിനോട് പറഞ്ഞു.

അവസാന നിമിഷം കാണുമ്പോൾ പോലും നല്ല രീതിയിലാണ് അച്ഛൻ സംസാരിച്ചത്. സാമ്പത്തിക ബാധ്യതയുണ്ട് എന്ന് അച്ഛൻ പറഞ്ഞിരുന്നു. അല്ലാതെ യാതൊരു സൂചനയും ലഭിച്ചിട്ടില്ല. എല്ലാം അറിഞ്ഞിട്ടും സഹായിക്കാൻ പാർട്ടി തയ്യാറായിട്ടില്ല. അതുകൊണ്ടാണ് ഇന്ന് പാർട്ടിക്കെതിരെ ഞങ്ങൾക്ക് തിരിയേണ്ടി വന്നത്. ആളുകൾ വീട്ടിലേക്ക് വരുമ്പോഴും അച്ഛൻ പറഞ്ഞത് എല്ലാം ശരിയാകും മക്കളേ എന്ന് മാത്രമായിരുന്നു. അച്ഛനെ ബലിയാടാക്കിയതാണ്. ആ രീതിയിൽ തന്നെയാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നതെന്നും മകൻ വിജേഷ് കൂട്ടിച്ചേർത്തു.
മരണക്കുറിപ്പ് എന്ന നിലയിലാണ് എൻഎം വിജയൻ കത്ത് എഴുതിയിട്ടുള്ളത്. കെപിസിസി പ്രസിഡൻ്റിനും പ്രിയങ്കാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമാണ് കത്തെഴുതിയിരിക്കുന്നത്. എംഎൽഎ ഐസി ബാലകൃഷ്ണന്റെയും വയനാട് സിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചന്റെയും പേരുകൾ കത്തിലുണ്ട് എന്നാണ് വിവരം. നിയമനത്തിനെന്ന പേരിൽ പണം വാങ്ങിയത് എംഎൽഎ ആണെന്ന് കത്തിൽ പറയുന്നുണ്ട്. വലിയ ബാധ്യതകൾ ഉണ്ടായിട്ടും തന്നെ ആരും തിരിഞ്ഞു നോക്കിയില്ലെന്നും കെപിസിസി നേതൃത്വത്തിന് എല്ലാം അറിയാമെന്നും ആത്മഹത്യാകുറിപ്പിൽ പറയുന്നു. എൻ ഡി അപ്പച്ചനും ഐ സി ബാലകൃഷ്ണനും പണം വാങ്ങാൻ ആവശ്യപ്പെട്ടു എന്ന് കൃത്യമായി കത്തിൽ പറയുന്നുണ്ട്.

Related Posts

Leave a Reply