കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോടുള്ള വിശ്വാസം നഷ്ടമായെന്ന് ആർജി കർ കോളേജിൽ കൊല്ലപ്പെട്ട പിജി ഡോക്ടറുടെ പിതാവ്. കോളേജിലെ പിജി ട്രയിനിയായിരുന്ന യുവതിയെ ആശുപത്രിയിൽ വച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് കേസ് കൈകാര്യം ചെയ്ത രീതി കണ്ടതോടെ മമതാ ബാനർജിയോടുള്ള വിശ്വാസം പോയെന്നാണ് യുവതിയുടെ പിതാവ് പറഞ്ഞത്. കൽക്കട്ട ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സിബിഐയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. മാത്രമല്ല, രൂക്ഷമായ ഭാഷയിലാണ് കൽക്കട്ട ഹൈക്കോടതി മമതാ സർക്കാരിനെ വിമർശിച്ചത്.
‘നേരത്തെ എനിക്ക് പൂർണ്ണ വിശ്വാസം ഉണ്ടായിരുന്നു, എന്നാൽ ഇപ്പോഴതില്ല. നീതിയാണ് അവർ ആവശ്യപ്പെടുന്നത്, എന്നാൽ എന്താണ് അവർ അതിനായി പറയുന്നത്? അവർക്ക് തീരുമാനമെടുക്കാം, പക്ഷേ അവർ ഒന്നും ചെയ്യുന്നില്ല.’; പിതാവ് എൻഡിടിവിയോട് പറഞ്ഞു.
മമതാ ബാനർജി നീതി വേണമെന്ന് പറയുന്നു, എന്നിട്ട് നീതി ആവശ്യപ്പെടുന്ന ജനങ്ങളെ തുറുങ്കിലടയ്ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മമതാ ബാനർജി മുന്നോട്ട് വെക്കുന്ന കന്യാശ്രീ പദ്ധതിയും ലക്ഷ്മി പദ്ധതിയും എല്ലാം പൊള്ളയാണ്. ആർക്കെങ്കിലും ഈ പദ്ധതി വേണമെങ്കിൽ അതിന് മുമ്പ് തങ്ങളുടെ ലക്ഷ്മി വീട്ടിൽ സുരക്ഷിതയാണോ എന്ന് ഉറപ്പിക്കണമെന്നും പിതാവ് പറഞ്ഞു. തന്റെ മകളോട് ചെയ്ത ക്രൂരത ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ കഴിയുന്നതല്ലെന്നാണ് താൻ സംസാരിച്ച ഡോക്ടർമാരടക്കം എല്ലാവരും പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കൊലപാതകത്തില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തു. സ്വമേധയാ സ്വീകരിച്ച ഹര്‍ജി ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെബി പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ദേശീയ തലത്തില്‍ 24 മണിക്കൂര്‍ നീണ്ട സമരം നടത്തിയതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി വന്നിരിക്കുന്നത്.
കേസില്‍ അന്വേഷണവുമായി സിബിഐ സംഘം ഇന്ന് ആശുപത്രിയിലെത്തി. സിബിഐ സംഘം ആശുപത്രിയിൽ ത്രീഡി സ്‌കാനിങ് നടത്തി. കൊലപാതകം നടന്ന മുറിയും അക്രമികള്‍ തകര്‍ത്ത ഭാഗങ്ങളും സിബിഐ ഡിജിറ്റല്‍ മാപ്പിംഗ് ചെയ്യുന്നുണ്ട്. സംഭവത്തിന് മുമ്പും ശേഷവും നടത്തിയ ഫോണ്‍വിളികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ മുന്‍ പ്രിന്‍സിപ്പാള്‍ ഡോ. സന്ദീപ് ഘോഷിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഘോഷിന്റെ ഫോണ്‍ റെക്കോര്‍ഡുകള്‍ കണ്ടെത്താന്‍ മൊബൈല്‍ സേവന ദാതാക്കളെ സമീപിക്കാന്‍ സിബിഐ തീരുമാനിച്ചിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.