Kerala News

 മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു.

പത്താം ക്ലാസ് വിജയിച്ച നല്ലൊരു ശതമാനം കുട്ടികള്‍ക്കും എഴുത്തും വായനയും അറിയില്ലന്നും, എല്ലാവരെയും ജയിപ്പിച്ചു വിടുന്നുമെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎസ്‌യു. സജി ചെറിയാന്റെ പ്രസ്താവന കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹത്തെ പരിഹസിക്കുന്നതിനു തുല്യമെന്ന് കെഎസ്‌യു വിമര്‍ശിച്ചു. മന്ത്രി തന്റെ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്നാണ് കെഎസ്‌യു ആവശ്യപ്പെടുന്നത്.

ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാന്‍ തത്കാലം പത്താം ക്ലാസില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കാന്‍ പാടുപെടേണ്ടതില്ലെന്ന് പ്രസ്താനയിലൂടെ കെഎസ്‌യു ആക്ഷേപിക്കുന്നു. പത്താം ക്ലാസ് വിജയിച്ച വിദ്യാര്‍ത്ഥികളെ പെരുവഴിയില്‍ നിര്‍ത്താതെ ആദ്യം തുടര്‍പഠനത്തിന് ആവശ്യമായ സാഹചര്യം ഒരുക്കുന്നതിന് സര്‍ക്കാര്‍ ശ്രദ്ധ നല്‍കണമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമില്ലാത്ത എന്തെങ്കിലും അവസ്ഥ കേരളത്തിലുണ്ടെങ്കില്‍ അതിന് ഉത്തരവാദികള്‍ സജി ചെറിയാനും, വി.ശിവന്‍കുട്ടിയും ഉള്‍പ്പെട്ട സംസ്ഥാന സര്‍ക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്താം ക്ലാസ് ജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു. എല്ലാവരെയും ജയിപ്പിച്ചു വിടുന്നതാണ് കാരണമെന്ന് മന്ത്രി പറഞ്ഞു. പണ്ട് പത്താം ക്ലാസ് ജയിക്കാന്‍ വലിയ പാടായിരുന്നുവെന്നും ഇന്ന് പത്താം ക്ലാസ് എന്ന് പറഞ്ഞാല്‍ ഓള്‍ പാസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തി. ഒരാളും തോല്‍ക്കാന്‍ പാടില്ലെന്നാണ്. ആരെങ്കിലും തോറ്റാല്‍ സര്‍ക്കാര്‍ പരാജയമെന്നാണ് പറയുകയെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Related Posts

Leave a Reply