ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആരോപണത്തിൽ മന്ത്രി വീണാ ജോർജ് പേഴ്‌സണൽ സ്റ്റാഫ് അഖിൽ മാത്യുവിനെ സംരക്ഷിക്കുന്നുവെന്ന് പരാതിക്കാരൻ മലപ്പുറം സ്വദേശി ഹരിദാസ് . ഒരു മാസം മുൻപാണ് പേഴ്‌സണൽ സ്റ്റാഫ് അംഗത്തിനെതിരെ ഓൺലൈനായും റിട്ടണായും ഹരിദാസ് പരാതി കൊടുക്കുന്നത്. പിന്നാലെ മന്ത്രിക്ക് നേരിട്ടും പരാതി നൽകിയിരുന്നു. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി അവസാനപ്പിക്കാമായിരുന്നുവെന്നും എന്നാൽ അതുണ്ടായില്ലെന്നും പരാതിക്കാരൻ ആരോപിച്ചു.
‘മന്ത്രിക്ക് പരാതി കൊടുത്തത് മന്ത്രിയെ അപഹസിക്കാനല്ല. എനിക്ക് പറ്റിയ അമളി മറ്റാർക്കും പറ്റാതിരിക്കാനാണ് പരാതി നൽകിയത്. വിഷയത്തിൽ മന്ത്രിയുടെ ഓഫീസിന് അന്വേഷണം നടത്തി അവസാനപ്പിക്കാമായിരുന്നു, അതുണ്ടായില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തെ മന്ത്രി സംരക്ഷിക്കുന്നതായി തോന്നുന്നു’- ഹരിദാസ് പറഞ്ഞു.
മന്ത്രി ആരോപണം തള്ളിയ സംഭവത്തിലും ഹരിദാസ് പ്രതികരിച്ചു. കുറ്റം ചെയ്തു എന്ന് ആരെങ്കിലും പറയുമോയെന്നാണ് ഹരിദാസ് ചോദിക്കുന്നത്. താൻ ഒരു പരാതി നൽകിയതിന്റെ പേരിൽ തന്നെ പ്രതിയാക്കാൻ ശ്രമിച്ചാൽ നേരിടുമെന്നും പരാതിയുമായി എത്തുന്നവർക്കെതിരെ കേസ് എടുക്കുന്നത് അപഹാസ്യമാണെന്നും ഹരിദാസ് ചൂണ്ടിക്കാട്ടി. ഒരു മാർഗവും ഇല്ലെങ്കിൽ തനിക്ക് പലതും തുറന്ന് പറയേണ്ടി വരുമെന്നും ഹരിദാസ് വ്യക്തമാക്കി.