India News

മനേകാ ഗാന്ധിക്ക് പിലിഭത്തിൽ നിന്നും മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയേക്കും ?

ഉത്തർപ്രദേശിലെ 80 സീറ്റുകളിൽ 51 സീറ്റിലേക്കും ബിജെപി സ്ഥാനാർത്ഥികളായിക്കഴിഞ്ഞു. ഇനി മിച്ചമുള്ളത് 24 സീറ്റുകൾ മാത്രം. മനേകാ ഗാന്ധിക്ക് പിലിഭത്തിൽ നിന്നും മത്സരിക്കാൻ ബിജെപി സീറ്റ് നൽകിയേക്കുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്ത. ബിജെപി കേന്ദ്ര നേതൃത്വം ഇക്കാര്യത്തിൽ ധാരണ രൂപപ്പെടുത്തിയതായാണ് വിവരം. വരുൺ ഗാന്ധിക്ക് എന്നാൽ സീറ്റ് ലഭിക്കില്ല. ഉത്തർപ്രദേശ് സംസ്ഥാന ഘടകത്തിന്റെ നിലപാട് പരിഗണിച്ചാണ് തീരുമാനം. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കഴിഞ്ഞ കുറച്ച് നാളുകളായി വരുൺ ഗന്ധി നടത്തുന്ന വിമർശനങ്ങളാണ് സീറ്റ് നിരാകരണത്തിന് കാരണമെന്നാണ് റിപ്പോർട്ട്.

ഉത്തർപ്രദേശിലെ സുപ്രധാന മണ്ഡലങ്ങളിലൊന്നാണ് പിലിഭത്ത്. കഴിഞ്ഞ 28 വർഷമായി സീറ്റ് ഗാന്ധി കുടുംബത്തിന്റെ കൈപ്പിടിയിലാണ്. പിലിഭത്തിൽ 82 ശതമാനം ഗ്രാമീണ വോട്ടർമാരും 18% നഗരത്തിലുള്ള വോട്ടർമാരുമാണ്. 16% പേർ എസ് സി വിഭാഗത്തിൽ നിന്നുള്ളവരാണ്. 0.1% മാത്രമാണ് എസ്ടി വിഭാഗക്കാർ. 65% പേർ ഹിന്ദു മതവിശ്വാസികളും, 25% പേർ ഇസ്ലാം മതവിശ്വാസികളും 10% പേർ മറ്റ് മതസ്ഥരുമാണ്.

1989 ലാണ് മനേക ഗാന്ധി പിലിഭത്തിലെ തെരഞ്ഞെടുപ്പ് ഗോദയിലെത്തുന്നത്. ജനതാദൾ സ്ഥാനാർത്ഥിയായി മണ്ഡലത്തിൽ നിന്ന് വിജയിച്ചു കയറിയ മനേക 1996 സ്വതന്ത്ര സ്ഥാനാർത്ഥിയായും മണ്ഡലത്തിൽ തന്റെ ആധിപത്യം ഉറപ്പിച്ചു. 2009 ൽ വരുൺ ഗാന്ധിയും മണ്ഡലത്തിൽ നിന്ന് വിജയം കൈവരിച്ചിട്ടുണ്ട്. അന്ന് 4.19 ലക്ഷം വോട്ടുകൾക്കായിരുന്നു വിജയം. പിന്നീട് 2014, 2019 വർഷങ്ങളിലും ഗാന്ധി കുടുംബം മണ്ഡലത്തിൽ കരുത്ത് തെളിയിച്ചു.

ഇക്കുറി ബിജെപി സീറ്റ് നൽകിയില്ലെങ്കിൽ വരുൺ ഗാന്ധി സമാജ്വാദി പാർട്ടിയിലേക്ക് ചേക്കേറിയേക്കുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. എസ്പി ഇതുവരെ പിലിഭത്തിലേയും രാംപൂരിലേയും സ്ഥാനാർത്ഥികളെ നിർണയിച്ചിട്ടില്ലെന്നതും എടുത്തുപറയേണ്ടതാണ്.

Related Posts

Leave a Reply