മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് വെള്ളമെടുത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ ദളിത് യുവാവിനെ അടിച്ചുക്കൊന്നു. മധ്യപ്രദേശിലെ ശിവപുരി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നത്. നാരദ് ജാതവ് എന്ന 27കാരനെയാണ് മർദിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
മാതൃസഹോദരിയുടെ വീട്ടിലെത്തിയതായിരുന്നു യുവാവ്. ഗ്രാമസർപഞ്ച് പദം സിംഗ് ധാക്കറും കുടുംബാംഗങ്ങളും ചേർന്നാണ് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് സംഭവം നടന്നത്. കുഴൽക്കിണറിൽ നിന്ന് വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായത്. ഒന്നിലധികം ആളുകൾ യുവാവിനെ വളഞ്ഞിട്ട് മർദിക്കുന്ന വീഡിയോ പ്രചരിക്കുന്നുണ്ട്.
ഗ്രാമ സർപഞ്ച് ഉൾപ്പെടെ എട്ട് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ജാതി അധിഷ്‌ഠിത വിവേചനവും അക്രമവും പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷ പാർട്ടികൾ വിമർശിച്ചു. സംഭവസമയത്ത് വിദേശ പര്യടനത്തിലായിരുന്ന സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിയെ കോൺഗ്രസ് പാർട്ടി വിമർശിച്ചു.