ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ 16 വർഷമായി ഭർത്താവിൻ്റെ വീട്ടുകാർ ബന്ദികളാക്കിയിരുന്ന യുവതിയെ രക്ഷപ്പെടുത്തി. 2006-ൽ വിവാഹം കഴിഞ്ഞ റാണു സഹു എന്ന യുവതിയാണ് കഴിഞ്ഞ 16 വർഷമായി ഭർതൃവീട്ടിൽ തടവിൽ കഴിഞ്ഞത്. നർസിംഗ്പൂരിൽ നിന്നുള്ള റാണുവിൻ്റെ പിതാവ് കിഷൻ ലാൽ സാഹു നൽകിയ പരാതിയെ തുടർന്നാണ് യുവതിയെ രക്ഷപ്പെടുത്തിയതെന്ന് ജഹാംഗീരാബാദ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശിൽപ കൗരവ് പറഞ്ഞു.
2008 മുതൽ വീട്ടുകാരെ കാണാൻ അനുവദിക്കാതെ ഭർതൃവീട്ടുകാർ യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മകനിൽ നിന്നും മകളിൽ നിന്നും പോലും റാണുവിനെ ഒറ്റപ്പെടുത്തുകയായിരുന്നുവെന്ന് പിതാവ് കിഷൻ ലാൽ പറഞ്ഞു.
അടുത്തിടെ യുവതിയുടെ ഭർതൃവീടിനോട് ചേർന്നുള്ള അയൽവാസിയെ കാണാനിടയാവുകയും അയാളാണ് തന്നോട് ക്രൂര പീഡനത്തെ തുടർന്ന് മകളുടെ ആരോഗ്യസ്ഥിതി മോശമാണെന്ന് പറഞ്ഞതെന്നും പരാതിയിൽ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഒരു എൻജിഒയുടെ സഹായത്തോടെ പൊലീസ് സംഘം റാണുവിനെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. വീടിന്റെ മുകൾ നിലയിൽ സംസാരിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിലാണ് യുവതിയെ കണ്ടെത്തിയതെന്നും കൃത്യമായി ഭക്ഷണം പോലും ഇവർക്ക് നൽകിയിരുന്നില്ലെന്നും പൊലീസ് പറഞ്ഞു.