Kerala News

മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും

കൊച്ചി: മദ്രസ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 70 വർഷം കഠിന തടവും ഒരുലക്ഷത്തി പതിനയ്യായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പട്ടിമറ്റം സ്വദേശി ഷറഫുദ്ദീനെയാണ് പെരുന്പാവൂർ അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്. 2021 നവംബർ മുതൽ 2022 ഫെബ്രുവരി വരെയുള്ള കാലയളവിൽ ആയിരുന്നു സംഭവം. മദ്രസയുടെ ടെറസിലും നിസ്കാരമുറിയിലും വച്ചായിരുന്നു പീഡനം.

കൗമാരക്കാർ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സ്കൂളിൽ അധ്യാപിക ക്ലാസ് എടുക്കുന്നതിനിടെ പെൺകുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് അധ്യാപിക വിദ്യാർത്ഥിയോട് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അധ്യാപിക വിവരം അറിയിച്ചതിനെ തുടർന്ന് കുട്ടിയുടെ മൊഴിയെടുത്ത തടിയിട്ടപറമ്പ് പൊലീസ് പ്രതിക്കെതിരെ കേസെടുത്തു.

എട്ടു പ്രാവശ്യം പ്രതി പീഡിപ്പിച്ചിട്ടുണ്ട് എന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതുകൂടാതെ ശാരീരികമായും ഉപദ്രവിച്ചിട്ടുണ്ടെന്നും പെൺകുട്ടി മൊഴി നൽകിയിരുന്നു. 5 വകുപ്പുകളിൽ ആയാണ് ഷറഫുദ്ദീനെതിരെ ശിക്ഷ വിധിച്ചിട്ടുള്ളത്. മൂന്ന് വകുപ്പുകളിൽ 20 വർഷം വീതവും 2 വകുപ്പുകളിൽ അഞ്ചുവർഷം വീതവുമാണ് ശിക്ഷ. തുടർച്ചയായി 20 വർഷം ശിക്ഷ അനുഭവിച്ചാൽ മതിയാകും.

Related Posts

Leave a Reply