ദില്ലി: ഗ്രേറ്റർ നോയിഡയിൽ പാർട്ടിക്കിടെ യൂട്യൂബർ തലക്കടിയേറ്റ് മരിച്ചു. മൊഹമ്മദ്പൂർ സ്വദേശി ദീപക് സിംഗാണ് കൊല്ലപെട്ടത്. ഞായറാഴ്ച രാത്രി ഗ്രാമത്തിൽ നടന്ന പാർട്ടിക്കിടെയാണ് കൊലപാതകം. സംഭവത്തിൽ നോയിഡ പൊലീസ് ദീപകിന്റെ സുഹൃത്തുകൾ കൂടിയായ ആറ് പ്രതികൾക്കെതിരെ കേസെടുക്കുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ചയാണ് ദാരുണസംഭവം നടക്കുന്നത്. ഞായറാഴ്ച രാവിലെ 11 മണിയോടെ ദീപക്കിന്റെ സുഹൃത്തായ മനീഷ് അടുത്തുള്ള ഗ്രൗണ്ടിൽ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചിരുന്നു. മത്സരത്തിന് ശേഷം മനീഷ് സുഹൃത്തുക്കളെ വീട്ടിൽ പാർട്ടിക്ക് ക്ഷണിച്ചു. ദീപക് അന്ന് രാത്രി മനീഷിന്റെ വീട്ടിൽ പാർട്ടിക്ക് പോവുകയായിരുന്നു. പാർട്ടിക്കെത്തിയ എല്ലാവരും അൽപസമയത്തിനകം തന്നെ മദ്യപിക്കാൻ തുടങ്ങി. പിന്നീട് സുഹൃത്തുക്കൾ തമ്മിൽ ചില വിഷയങ്ങളിൽ തർക്കമുണ്ടായി. തുടർന്ന് മനീഷ് ഉൾപ്പെടെയുള്ളവർ ദീപകിനെ മർദ്ദിക്കുകയായിരുന്നു. അവരിൽ ഒരാൾ തലയിലും മുഖത്തും ഇടിച്ചതിനെ തുടർന്ന് ദീപക്കിന് ഗുരുതരമായി പരിക്കേറ്റു.
വൈകിട്ട് 7 മണിയോടെ, ദീപക്കിന്റെ സുഹൃത്തുക്കളായ മനീഷ്, പ്രിൻസ് എന്നിവർ ചേർന്ന് അവശനിലയിലായ ദീപക്കിനെ വീട്ടിലേക്ക് ഇറക്കിവിട്ടു. ദീപകിന് പരിക്കേറ്റതായി വീട്ടിൽ ആരെയും അറിയിക്കാതെ ഇവർ രക്ഷപ്പെടുകയായിരുന്നു. എന്നാൽ, വീട്ടിലെത്തി ഒന്നു രണ്ടു മണിക്കൂറിനുള്ളിൽ ദീപകിന്റെ ആരോഗ്യനില വഷളായി. ഉടൻ തന്നെ ദീപകിന്റെ സഹോദരൻ ഇയാളെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. ശക്തമായി അടിയേറ്റതിനെ തുടർന്ന് ദീപക്കിന്റെ തലയിൽ രക്തസ്രാവം ഉണ്ടാവുകയും, കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് രക്തം കട്ടപിടിച്ചതായും ഡോക്ടർമാർ കണ്ടെത്തി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ദീപക് തന്റെ സുഹൃത്തുക്കളായ വിജയ്, യോഗേന്ദ്ര എന്നിവരുമായി മുൻപും വഴക്കുകളിൽ ഏർപ്പെട്ടിരുന്നതായി ദീപകിന്റെ സഹോദരൻ കമൽ പറയുന്നു . അന്വേഷണത്തിനിടെ, ഒരു യൂട്യൂബർ കൂടിയായ പ്രതി മനീഷ് (24) വീട്ടിൽ പാർട്ടി സംഘടിപ്പിക്കാനായി യൂട്യൂബ് ചാനൽ വിറ്റതായി പൊലീസ് കണ്ടെത്തി. വഴക്കിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്ന് ദീപക് അമിതമായി മദ്യം കഴിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ദീപക്കിൻ്റെ പിതാവിന്റെ പരാതിയിൽ മനീഷ്, പ്രിൻസ്, വിക്കി, വിജയ്, യോഗേന്ദ്ര, കപിൽ, മിങ്കു, എന്നിവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. രണ്ട് പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഗ്രേറ്റർ നോയിഡ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അശോക് കുമാർ പറഞ്ഞു.