Kerala News

മദ്യപിച്ച് വഴക്കുണ്ടാക്കി സന്തോഷ് അമ്മയെ തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു.

തൃശ്ശൂർ: തൃശ്ശൂർ കൈപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അമ്മയെ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശിനി 68 വയസ്സുള്ള ചന്ദ്രമതിയാണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വഴക്കുണ്ടാക്കി സന്തോഷ് അമ്മയെ തലയ്ക്ക് വെട്ടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് കാര്യം പറഞ്ഞു. തലയ്ക്ക് വെട്ടേറ്റ ചന്ദ്രമതിയെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു.  എടക്കത്തൂരിലെ വാടകവീട്ടിൽ ഇന്നലെ രാത്രി 7 മണിയോടെയാണ് സംഭവം നടന്നത്. ചന്ദ്രമതിയും മകൻ സന്തോഷുമായിരുന്നു വീട്ടിൽ താമസം. സന്തോഷ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി നോക്കുന്നയാളാണ് സന്തോഷ്. ഇന്നലെ മദ്യവുമായി വീട്ടിലെത്തിയ സന്തോഷ് മദ്യപിച്ച ശേഷം അമ്മയുമായി വഴക്കായി. വഴക്കിനൊടുവിൽ വെട്ടുകത്തി എടുത്ത് തലയ്ക്കുവെട്ടുകയായിരുന്നു. ഒരു മണിക്കൂറിന് ശേഷം പൊലീസ് സ്റ്റേഷനിൽ വിളിച്ച് അമ്മയെ വെട്ടിയ കാര്യം പറഞ്ഞു. പൊലീസെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു ചന്ദ്രമതി. മകൻ സന്തോഷിനെ കസ്റ്റഡിയിലെടുത്ത പൊലീസ് ആംബുലൻസ് വിളിച്ചു വരുത്തി ചന്ദ്രമതിയെ മെഡിക്കൽ കോളേജിലെത്തിച്ചു. പുലർച്ചെ രണ്ടരയോടെയാണ് മരണം സംഭവിച്ചത്.  സന്തോഷ് സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നെന്ന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്. എട്ടുവർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞിരുന്നു. ആറു മാസം മുമ്പ് വരെ ഓട്ടോ ഓടിച്ചായിരുന്നു ജീവിച്ചത്. പിന്നീടാണ് സെക്യൂരിറ്റി ജീവനക്കാരനായത്. 

Related Posts

Leave a Reply