ഡൽഹി: മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‍രിവാളിനെ പ്രതിയാക്കാൻ സിബിഐയുടെയും ശ്രമം. ഇഡിയെ ഉടൻ തന്നെ സിബിഐ ബന്ധപ്പെട്ടേക്കും. ചോദ്യം ചെയ്യൽ അടക്കമുള്ള നടപടിയിലേക്ക് കടക്കാനാണ് സിബിഐ നീക്കം. ഇ ഡി കസ്റ്റഡി കാലാവധി അവസാനിക്കുമ്പോൾ കോടതിയെ സമീപിച്ച് കെജ്‍രിവാളിനെ കസ്റ്റഡിയിൽ വാങ്ങാനാണ് സിബിഐ നീക്കം. ഏറ്റവും ശക്തമായ തെളിവുകൾ കയ്യിലുണ്ടെന്നാണ് സിബിഐയുടെ വാദം. പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടും ഡൽഹി മുഖ്യമന്ത്രി അന്വേഷണത്തോട് സഹകരിച്ചില്ലെന്നും സിബിഐ വാദിക്കുന്നു. സിബിഐ കൂടി രംഗത്തെത്തുന്നതോടെ അരവിന്ദ് കെജ്‍രിവാളിനെതിരെ നിയമകുരുക്ക് ശക്തമാകും. ഇ ഡി കസ്റ്റഡിയിലെടുത്ത എല്ലാവരും സിബിഐയുടെ പ്രതി പട്ടികയിലുമുണ്ട്. അതിനാൽ കൂടുതൽ നേതാക്കൾ മദ്യനയ കേസിൽ നിയമകുരുക്കിൽ പെടുമെന്നാണ് സൂചന.
അതിനിടെ ഡൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പ്രതിഷേധം കടുക്കുകയാണ്. കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചത്. ആം ആദ്മി പ്രവർത്തകർക്കൊപ്പം ഇൻഡ്യ മുന്നണിയിലെ പ്രധാന നേതാക്കളും പ്രതിഷേധത്തിൽ അണിചേരും.ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുഴുവൻ പണവും ലഭിച്ചത് ബിജെപിക്കെന്ന് വിദ്യാഭ്യാസ മന്ത്രി അതിഷി മര്‍ലേന ആരോപിച്ചു. കേസിലെ മാപ്പുസാക്ഷി ശരത് ചന്ദ്ര റെഡ്ഡി 34 കോടി രൂപയാണ് നൽകിയത്. ഇലക്ടറല്‍ ബോണ്ട് വഴിയാണ് ശരത് ചന്ദ്ര റെഡ്ഡി ബിജെപിക്ക് പണം നൽകിയത്. പണം വാങ്ങിയ ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയെ അറസ്റ്റ് ചെയ്യണമെന്നും അതിഷി ആരോപിച്ചു.
മദ്യനയ അഴിമതിക്കേസിൽ കെജ്‍രിവാളിന്റെ ഹർജി കോടതിയിൽ പരിഗണനയിലാണ്. ഈ സമയത്ത് തിരക്കുപിടിച്ച് കെജ്‍രിവാളിനെ അറസ്റ്റ് ചെയ്തത് ഇലക്ടറൽ ബോണ്ടിലെ വിവരങ്ങൾ പുറത്തുവരുമെന്ന ബിജെപിയുടെ ഭയമാണെന്ന് ആം ആദ്മി ആരോപിക്കുന്നു. ഇഡി മാപ്പുസാക്ഷിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പാര്‍ട്ടി ഉയര്‍ത്തുന്നത്. കേസിൽ പ്രതിയായ ശരത് ചന്ദ്ര റെഡ്ഡി പിന്നീട് മാപ്പുസാക്ഷിയായെന്നും ഇയാളുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തിലാണ് അരവിന്ദ് കെജ്‍രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതെന്നും ഡൽഹി മന്ത്രി അതിഷി മർലേന ആരോപിച്ചു. മദ്യനയക്കേസിൽ പണം യഥാർത്ഥത്തിൽ ഇലക്ടറൽ ബോണ്ടുകൾ വഴി ബിജെപിക്കാണ് ലഭിച്ചതെന്നും അതിഷി പറഞ്ഞു.