Kerala News

മദ്യനയം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ തള്ളി എക്സൈസ് മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച് പുറത്തുവന്ന വിവരങ്ങൾ തള്ളി എക്സൈസ് മന്ത്രി എം ബി രാജേഷ്. മദ്യം നയം ചർച്ച പോലും ചെയ്തിട്ടില്ല. തീരുമാനങ്ങൾ ഉണ്ടായാൽ ആദ്യം മാധ്യമങ്ങളോട് തന്നെ പറയും. ആകാത്ത നയത്തെ കുറിച്ച് എന്ത് പറയാനാണെന്നും മന്ത്രി പ്രതികരിച്ചു. സംസ്ഥാനത്തെ മദ്യനയത്തിൽ ഉപാധികളോടെ മാറ്റം വരുത്താൻ ശുപാർശയെന്നായിരുന്നു പുറത്തുവന്ന വിവരം.
ഡ്രൈ ഡേയിലെ മദ്യവിതരണത്തിലാണ് ഉപാധികളോടെ മാറ്റം വരുത്താൻ മദ്യനയത്തിന്റെ കരടിൽ ശുപാർശ നൽകിയതെന്നാണ് വിവരം പുറത്തുവന്നത്. ഒന്നാം തീയതി മദ്യ ഷോപ്പുകൾ മുഴുവനായി തുറക്കേണ്ടതില്ല. പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ, ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് എന്നിവിടങ്ങളിൽ അന്നേ ദിവസം പ്രത്യേക ഇളവ് അനുവദിക്കാമെന്നും ശുപാർശയിൽ ഉണ്ടെന്നും വിവരം പുറത്തുവന്നിരുന്നു. ഇതാണ് ഇപ്പോൾ മന്ത്രി തള്ളിയിരിക്കുന്നത്.

ഡ്രൈ ഡേ ഒഴിവാക്കി ഒന്നാം തീയതി മദ്യവിതരണത്തിന് അനുമതി നൽകണമെന്ന ആവശ്യം സംസ്ഥാനത്തെ ബാർ ഉടമകൾ ഏറെക്കാലമായി ഉന്നയിക്കുന്നതാണ്. ഈ ആവശ്യം ഇക്കുറി പരി​ഗണിക്കുമോ എന്നാണ് അറിയാനുള്ളത്. സിപിഐഎമ്മിലെയും മുന്നണിയിലെയും ച‍ർച്ചകൾക്ക് ശേഷമാണ് മദ്യനയം അന്തിമമാകുക. ഈ മാസം മന്ത്രിസഭയിൽ നയത്തിന് അംഗീകാരം നേടാനാണ് എക്സൈസ് വകുപ്പിൻ്റെ ലക്ഷ്യം.
വയനാട് ദുരന്തത്തിൽ കേരളത്തിനെതിരെ പ്രചാരണം നടത്തുന്ന കേന്ദ്രസർക്കാർ നിലപാടിനെ എം ബി രാജേഷ് വിമർശിച്ചു. വയനാട് ദുരന്തത്തിനെതിരെ വാർത്തകൾ എഴുതാൻ കേന്ദ്രം വിദഗ്ധരെ തിരഞ്ഞു എന്ന ദേശീയ മാധ്യമത്തിന്റെ വാർത്ത അക്ഷരാർത്ഥത്തിൽ നടുക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. മൃതശരീരങ്ങൾ പോലും പൂർണമായി കണ്ടെത്തി കഴിഞ്ഞിട്ടില്ല. അതിനിടയാണ് കേരളത്തിനെതിരെ ലേഖനങ്ങൾ എഴുതാൻ കേന്ദ്രം ആളെ തിരയുന്നത്. ഇത് പിന്നിൽ നിന്ന് കുത്തുന്ന നയമാണ്. ഈ അധാർമിക രാഷ്ട്രീയത്തെയും കേരളം ഒറ്റക്കെട്ടായി നേരിടുമെന്നും എം ബി രാജേഷ് പറഞ്ഞു.

Related Posts

Leave a Reply