മതാടിസ്ഥാനത്തില്‍ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കേസെടുത്തേക്കും. കെ ഗോപാലകൃഷ്ണനെതിരെ കേസെടുക്കുന്നതില്‍ തടസമില്ലെന്ന് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ തന്നെയാണെന്നും ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതല്ലെന്നും പൊലീസ് കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് കേസെടുക്കാന്‍ വഴിയൊരുങ്ങുന്നത്. ഐഎഎസ് തലപ്പത്തെ പ്രശ്‌നങ്ങള്‍ രാഷ്ട്രീയമായി കൂടി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കേസെടുക്കാന്‍ ഒരുങ്ങുന്നത്.
വാട്‌സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതില്‍ ചീഫ് സെക്രട്ടറി കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കെ ഗോപാലകൃഷ്ണന്റെ വിശദീകരണം തൃപ്തികരമല്ലെന്നും ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉചിതമായ നടപടിയെടുക്കാമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് അതീവ ഗൗരവകരമെന്നും സംഭവത്തില്‍ നടപടി ഉണ്ടാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു.
വാട്ട്സ്ആപ്പ് ഗ്രൂപ്പ് വിഷയത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ നേരത്തെ ഡിജിപിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹാക്കിങ് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശം. വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് കൈമാറിയതും റിപ്പോര്‍ട്ടിലുണ്ട്. ഫോറന്‍സിക്ക് പരിശോധനയിലും ഹാക്കിങ് തെളിഞ്ഞില്ല. ഗൂഗിളിന്റെ പരിശോധനയിലും ഹാക്കിങ് സാധ്യത തള്ളി. വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കിയത് കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ ഫോണില്‍ നിന്നു തന്നെയെന്ന മെറ്റയുടെ മറുപടി നേരത്തെ ലഭിച്ചിരുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്ത് മുഴുവന്‍ വിവരങ്ങളും മായ്ച്ചുകളഞ്ഞതിനാല്‍ വിശദാംശങ്ങളെടുക്കാന്‍ സൈബര്‍ പൊലീസിന് കഴിഞ്ഞില്ല. ഹിന്ദു ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പാണ് ആദ്യം ഉണ്ടാക്കിയിരുന്നത്. സംഭവം വിവാദമായതോടെ മുസ്ലീം ഉദ്യോഗസ്ഥരുടെ പേരില്‍ മറ്റൊരു ഗ്രൂപ്പുകൂടി ഉണ്ടാക്കുകയായിരുന്നു.