തിരുവനന്തപുരം: ബിജെപി പ്രവേശവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ച് പത്മജ വേണുഗോപാല്‍. മടുത്തിട്ടാണ് താൻ പാര്‍ട്ടി വിടുന്നതെന്ന് പത്മജ. പാര്‍ട്ടിക്ക് അകത്തുനിന്ന് ഒരുപാട് അപമാനം നേരിട്ടു, വേദനയോടെയാണ് പാര്‍ട്ടി വിടുന്നതെന്നും പത്മജ വ്യക്തമാക്കി. ബിജെപി പ്രവേശം വൈകീട്ട് അഞ്ച് മണിക്കെന്നും പത്മജ വ്യക്തമാക്കി. പത്മജയുടെ ബിജെപി പ്രവേശത്തെ ചൊല്ലി കോണ്‍ഗ്രസില്‍ നിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പത്മജയുടെ പ്രതികരണം. ബിജെപിയില്‍ നല്ല ലീഡര്‍ഷിപ്പാണുള്ളത്, തന്നെ തോല്‍പിച്ചവരെയൊക്കെ അറിയാം, കോണ്‍ഗ്രസുകാര്‍ തന്നെയാണ് തന്നെ തോല്‍പിച്ചത്, ഇപ്പോള്‍ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരൻ നടത്തിയ ചതിയാണെന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അദ്ദേഹം തന്നെ പിന്നീട് ഇത് തിരുത്തിക്കോളുമെന്നും പത്മജ പറഞ്ഞു. തന്‍റെ പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ കരുണാകരനെ വരെ പാര്‍ട്ടി കൈവിട്ടുവെന്ന ധ്വനിയും പത്മജ നല്‍കുന്നു. അച്ഛൻ ഏറെവിഷമിച്ചാണ്അവസാനകാലത്ത് ജീവിച്ചതെന്നും, താൻ അച്ഛനെ വിഷമിപ്പിച്ചിട്ടേയില്ലെന്നും പത്മജ.