കർണാടകയിൽ സ്ത്രീയെ വീട്ടിൽ നിന്ന് വലിച്ചിറക്കി നഗ്നയാക്കി തൂണിൽ കെട്ടിയിട്ട് മർദിച്ചു. മകനോടൊപ്പം ഒളിച്ചോടിയ പെൺകുട്ടിയുടെ കുടുംബമാണ് ആക്രമണത്തിന് പിന്നിൽ. ഏഴുപേരെ അറസ്റ്റ് ചെയ്തു. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
കർണാടകയിലെ ബെലഗാവിൽ ഞായറാഴ്ച രാത്രിയാണ് സംഭവം. സ്ത്രീയുടെ മകൻ ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മകൾ ഒളിച്ചോടിയെന്ന വാർത്തയറിഞ്ഞ് ക്ഷുഭിതരായ പെൺകുട്ടിയുടെ വീട്ടുകാർ യുവാവിൻ്റെ വീട്ടിലെത്തി. യുവാവിൻ്റെ അമ്മയെ വീടിന് പുറത്തേക്ക് വലിച്ചിഴച്ച് നഗ്നയാക്കുകയും തൂണിൽ കെട്ടിയിട്ട് മർദിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സ്ത്രീ പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര പറഞ്ഞു.മനുഷ്യത്വരഹിതമായ സംഭവമാണ് നടന്നതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇത്തരം ഹീനമായ പ്രവൃത്തികൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ല. കുറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.