പത്തനംതിട്ട: സ്വന്തം മകൾക്ക് 11 വയസ്സ് പ്രായമായത് മുതൽ അശ്ലീല വീഡിയോകൾ മൊബൈലിൽ കാണിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ മാന്നാർ സ്വദേശിയും 50 വയസ്സുകാരനുമായ പ്രതിയെ പത്തനംതിട്ട പോക്സോ അതിവേഗ കോടതി ശിക്ഷിച്ചു. പോക്സോ ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരവും ഐ പി സി യിലെ വിവിധ വകുപ്പുകൾ പ്രകാരവും 98 വർഷം കഠിന തടവും അഞ്ചുലക്ഷത്തി ഇരുപത്തിയയ്യായിരം രൂപ പിഴയുമാണ് ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കാതിരുന്നാൽ 5 വർഷ അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്.
സംഭവം ഇങ്ങനെ
പ്രതി സ്വന്തം മകളെ 11 വയസായ 2019 മുതൽ 2022 കാലയളവുവരെ വിവിധ സമയങ്ങളിൽ ലൈംഗികപരമായി ദുരുപയോഗം ചെയ്യുകയും ആരോടെങ്കിലും പറഞ്ഞാൽ ജയിലിലാക്കുമെന്ന് പറഞ്ഞ് ഭയപ്പെടുത്തിയുമാണ് ലൈംഗിക വൈകൃതങ്ങൾ ഉൾപ്പെടെയുള്ള പീഢനങ്ങൾക്കിരയാക്കിയത്. സ്വന്തം വിട്ടിൽ വച്ച് അമ്മയടക്കം മറ്റാരും ഇല്ലാത്ത സമയങ്ങളിലാണ് ലൈംഗികാതിക്രമം നടന്നത്. 2022 ലെ ഒരു ദിവസം അയൽവാസിയായ വീട്ടമ്മ സംഭവം നേരിട്ട് കാണുവാനിടയായതാണ് അമ്മ അറിയാനും വിവരം പൊലീസിലെത്താനും കാരണമായത്. പ്രതി മുൻപ് വിവാഹിതനാണെന്ന വിവരം മറച്ചുവച്ച് പെൺകുട്ടിയുടെ മാതാവിനെ വിവാഹം കഴിക്കുകയായിരുന്നു. ആദ്യ വിവാഹത്തിലും പ്രതിയ്ക്ക് 3 കുട്ടികൾ ഉണ്ട്. രണ്ടാം വിവാഹത്തിലെ 2 കുട്ടികളിൽ മൂത്ത കുട്ടിയാണ് പീഡനത്തിനിരയായത്.
കേസ് രജിസ്റ്റർ ചെയ്ത സമയത്ത് പെൺകുട്ടി എല്ലാ വിവരങ്ങളും പറയാൻ തയ്യാറാകാതിരുന്നതും തുടർന്ന് കൗൺസിലിങ്ങിലൂടെയും മെഡിക്കൽ പരിശോധനയിലൂടെയും ഗൗരവതര ലൈംഗിക പീഡനം വെളിവായതിനെ തുടർന്ന് പെൺകുട്ടിക്ക് തുടർ കൗൺസിലിംഗ് നൽകുകയും ലൈംഗികാതിക്രമ വിവരങ്ങൾ പൊലീസ് മുമ്പാകെ പൂർണ്ണമായി വെളിപ്പെടുത്തുകയുമായിരുന്നു. പിതാവിന്‍റെ പീഡനത്തിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യാ ശ്രമം വരെ നടത്തിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ജയ്സൺ മാത്യൂസ് ഹാജരായ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത് റാന്നി പൊലീസ് സബ് ഇൻസ്പെക്ടറായ സായ് സേനനും പൊലീസ് ഇൻസ്പെക്ടർ ആയ എം ആർ സുരേഷും ചേർന്നാണ്. പിഴ ശിക്ഷ വിധിച്ച തുക പ്രതിയിൽ നിന്നും പെൺകുട്ടിക്ക് ഈടാക്കി നൽകണമെന്നും വിധിയിൽ പ്രസ്താവിച്ചിട്ടുണ്ട്.