ഇടുക്കി: ഭർത്താവിനും കുട്ടിക്കുമൊപ്പം മൂന്നാറിലെത്തിയ യുവതിയെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മൂന്നംഗ കുടുംബം മൂന്നാർ സന്ദർശനത്തിന് എത്തിയത്. കൊച്ചി – ധനുഷ് കോടി ദേശീയപാതയിൽ പഴയ മൂന്നാർ സി.എസ്.ഐ ജംഗ്ഷനു സമീപത്തുള്ള സ്വകാര്യ റിസോർട്ടിലാണ് ഇവര്‍ മുറിയെടുത്തത്. ഇന്ന് ഭര്‍ത്താവ് കുളിക്കാൻ ബാത്ത്റൂമിൽ കയറിയ സമയത്തായിരുന്നു സംഭവം. യുവതി മുറിയിലെ ഫാനിൽ ഷാൾ ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.
ഇന്ന് രാവിലെ മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് ഉച്ചയോടെ മുറിയിൽ മടങ്ങി എത്തിയ ശേഷമായിരുന്നു സംഭവം. ഭർത്താവ് ഹോട്ടൽ റിസപ്ഷനിൽ അറിയിച്ചതിനെ തുടർന്ന് ഹോട്ടൽ അധികൃതർ പോലീസിനെ വിവരം അറിയിച്ചു. സംഭവ സ്ഥലത്ത് എത്തിയ പോലീസ് പരിശോധനകൾ നടത്തി. രണ്ടു വയസ്സ് പ്രായമായ മകനും മുറിയിൽ ഉണ്ടായിരുന്നു. കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം തുടങ്ങി. യുവതിയുടെ മൃതദേഹം മൂന്നാറിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പിന്നീട് ബന്ധുക്കൾക്ക് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.