ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസർക്കാർ വീണ്ടും സുപ്രീംകോടതിയിൽ പറഞ്ഞിരിക്കുന്നു. വിഷയത്തിൽ കൂടിയോലോചനകൾ വേണമെന്നാവശ്യപ്പെട്ട് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുമുണ്ട്. ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് സുപ്രീംകോടതിയുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും ഇത് നിയമവിഷയത്തേക്കാൾ സാമൂഹികമായ വിഷയമാണെന്നുമാണ് കേന്ദ്രം സുപ്രീംകോടതിയിൽ പറഞ്ഞത്. ഇതാദ്യമായല്ല ഈ വിഷയത്തിൽ ഇത്തരമൊരു നിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ഭർതൃബലാത്സംഗത്തിന് ഒരാളെ ബലാത്സംഗവിരുദ്ധ നിയമപ്രകാരം ശിക്ഷിക്കുന്നത് അതിരുകടന്നതാണെന്നാണ് കേന്ദ്രത്തിന്റെ വാദം. വിവാഹിതരായ സ്ത്രീകളുടെ സംരക്ഷണത്തിന് 2005ലെ ഗാർഹിക പീഡന നിരോധന നിയമം നിലവിലുണ്ടല്ലോ, പിന്നെന്തിനാണ് ഭർതൃബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് എന്നാണ് കേന്ദ്രസർക്കാരിന്റെ ചോദ്യം.
ശരിയായ കൂടിയാലോചന നടത്താതെയോ എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായങ്ങൾ കണക്കിലെടുക്കാതെയോ ഈ പ്രശ്നത്തിൽ തീരുമാനമെടുക്കാൻ സാധിക്കുകയില്ലെന്നൊരു മുടന്തൻ ന്യായവും സർക്കാർ പറഞ്ഞിട്ടുണ്ട്. ഒരു ദാമ്പത്യത്തിൽ, പുരുഷൻ പങ്കാളിയിൽ നിന്ന് ലൈംഗികബന്ധം പ്രതീക്ഷിക്കുമെന്നൊക്കെ വാദിക്കുന്ന സർക്കാർ പങ്കാളിയെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കാനുള്ള അവകാശം ഭർത്താവിനില്ലെന്ന് എന്തായാലും പറഞ്ഞുവെക്കുന്നുണ്ട്, ആശ്വാസം!! പക്ഷേ, അങ്ങനെ നിർബന്ധിക്കാതിരിക്കാനും സ്ത്രീയുടെ ഇഷ്ടവും അവകാശവും സംരക്ഷിക്കാനും ഗാർഹികപീഡന നിരോധന നിയമം പര്യാപ്തമാണെന്ന സർക്കാരിന്റെ യുക്തിയാണ് മനസിലാവാത്തത്. 2005 മുതൽ നിലവിലുള്ള ഗാർഹികപീഡന നിരോധന നിയമം കുറ്റകൃത്യം തടയാൻ മതിയായ ഒന്നാണെങ്കിൽ ഈ നാട്ടിലിപ്പോഴും ഇത്രയധികം ഭർതൃബലാത്സംഗങ്ങൾ റിപ്പോർട്ട് ചെയ്യപെടില്ലല്ലോ!!
നിർബന്ധപൂർവ്വം ലൈംഗികവേഴ്ച ഉണ്ടായാൽ മാത്രമേ അത് ബലാത്സംഗം ആകൂ എന്ന തെറ്റിദ്ധാരണയിലൂന്നിയാണ് സർക്കാർ ഇപ്പോഴും വാദങ്ങൾ നിരത്തുന്നതെന്ന് വ്യക്തം. വിവാഹബന്ധത്തിലെ ലൈംഗിക അതിക്രമങ്ങളുടെ തോത് രാജ്യത്ത് എത്രയോ അധികമാണെന്ന് ഇനിയും സർക്കാർ തിരിച്ചറിയുന്നില്ലെന്നാണോ?