പാലക്കാട്: ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. പുതുപ്പരിയാരം സ്വദേശിനി റിൻസിയാണ് ഇന്നലെ ആത്മഹത്യ ചെയ്തത്. റിൻസിയും ഭർത്താവായ ഷെഫീഖും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് റിൻസിയുടെ കുടുംബം വെളിപ്പെടുത്തി. ഷെഫീഖ് നിരന്തരം റിൻസിയെ പീഡിപ്പിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ഷെഫീഖിനെതിരെ നേരത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. രണ്ട് ദിവസം മുൻപാണ് റിൻസി വീട്ടിൽ വന്ന് പോയത്. ഇത്ര പെട്ടെന്ന് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും ഭർത്താവിനും കുടുംബത്തിനുമെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും കുടുംബം പറഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് റിൻസിയെ ഭർതൃ ഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷെഫീഖ് വീട്ടിലെത്തിയപ്പോഴാണ് റിൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സുഹൃത്തുക്കളെ വിളിച്ച് ഇയാൾ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.