അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ മുഖ്യസൂത്രധാരന്‍ മരിച്ച നവീനെന്ന് അന്വേഷണ സംഘം. ഏഴ് വര്‍ഷമായി നവീന്‍ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നും വിശ്വാസത്തിന്റെ ഭാഗമായാണ് അരുണാചല്‍ തെരഞ്ഞെടുത്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. ‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ,യെന്ന് നവീന്‍ പറയുന്ന ചാറ്റുകള്‍ കണ്ടെത്തി. അന്യഗ്രഹ ജീവിതം സാധ്യമാകുമെന്നതിനാല്‍ ഉയര്‍ന്ന പ്രദേശം തെരഞ്ഞെടുക്കുകയായിരുന്നുവെന്നാണ് സൂചന.
നവീന്റെയും ദേവിയുടെയും ആര്യയുടെയും മരണവുമായി ബന്ധപ്പെട്ട് തികച്ചും വിചിത്രമായ വിവരങ്ങളാണ് പുറത്തുവരുന്നത്. മരണങ്ങള്‍ക്ക് പിന്നില്‍ ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ പ്രേരണയുണ്ടോ എന്ന് അന്വേഷണ സംഘം പരിശോധിക്കുന്നതിനിടെയാണ് നവീന്റെ ചാറ്റുകളും പുറത്തുവരുന്നത്. മരണത്തിനു ശേഷം അന്യഗ്രഹ ജീവിതം ലഭിക്കുമെന്ന വിശ്വാസം ഇവര്‍ക്കുണ്ടായിരുന്നു. ഇത് തെളിയിക്കുന്ന വിവരങ്ങളാണ് അന്വേഷണ സംഘത്തിനും ലഭിക്കുന്നത്.
അന്യഗ്രഹ ജീവികളുമായി ബന്ധപ്പെട്ട വെബ്സൈറ്റുകളും പുസ്തകങ്ങളും മൂന്നുപേരും വായിക്കുകയും പരസ്പരം വിവരങ്ങള്‍ കൈമാറുകയും ചെയ്തിരുന്നു. ഭൂമിയിലേക്കാള്‍ സന്തോഷകരമായ ജീവിതമാണോ മറ്റു ഗ്രഹങ്ങളിലേതെന്നു കണ്ടെത്താനാണു ഇവര്‍ ശ്രമിച്ചത്. ആ സംശയം സാധൂകരിക്കുന്നതാണ് ആത്മഹത്യ കുറിപ്പും. ആന്‍ഡ്രോമെഡ ഗ്യാലക്സിയിലെ മിതി എന്ന സാങ്കല്‍പ്പിക കഥാപാത്രവുമായി സംസാരിക്കുന്ന പിഡിഎഫ് രേഖകളും യൂട്യൂബ് ലിങ്കുകളും ഇത് ശരി വെക്കുന്നുണ്ട്.