Kerala News

ഭിന്നശേഷി വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷി വിദ്യാർത്ഥിക്ക് എസ്എഫ്ഐ പ്രവർത്തകരുടെ മർദ്ദനമേറ്റ സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകരുടെ അറസ്റ്റ് തടഞ്ഞ് കോടതി. കേസിൽ എസ്എഫ്ഐ പ്രവര്‍ത്തകരായ പ്രതികളുടെ മുൻകൂർ ജാമ്യ അപേക്ഷയിൽ ഉത്തരവ് വരുന്നത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് കോടതി ഉത്തരവ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അമൽ, മിഥുൻ, അലൻ, വിധു എന്നിവരാണ് പ്രതികൾ. ഇവരെ ഈ മാസം 17 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലായെന്നാണ് ഉത്തരവ്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ രണ്ടാം വര്‍ഷ ഇസ്‌ലാമിക ഹിസ്റ്ററി വിദ്യാര്‍ത്ഥി മുഹമ്മദ് അനസിനാണ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് ക്രൂര മര്‍ദനമേറ്റത്. എസ്എഫ്‌ഐയിലെ തന്നെ അംഗമാണ് മര്‍ദനമേറ്റ മുഹമ്മദ് അനസ്. പാര്‍ട്ടി പരിപാടിയുടെ ഭാഗമായി തന്നോട് കൊടിയും തോരണങ്ങളും മറ്റും കെട്ടാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ തനിക്ക് കാലിന് സ്വാധീന കുറവുണ്ടെന്ന് പറഞ്ഞപ്പോള്‍ സംഘം മർദിച്ചുവെന്നുമാണ് മുഹമ്മദ് അനസ് പറയുന്നത്. കൊടി കെട്ടാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല കാല്‍ വയ്യ എന്ന് പറഞ്ഞെന്നും തുടര്‍ന്ന് ഇതേചൊല്ലി യൂണിറ്റ് പ്രസിഡന്റായ അമല്‍ചന്ദ് തന്നെ മര്‍ദിച്ചുവെന്നും മുഹമ്മദ് അനസ് പറഞ്ഞിരുന്നു.

എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ നാലുപേര്‍ക്കെതിരെയാണ് മുഹമ്മദ് അനസ് കന്റോന്‍മെൻ്റ പൊലീസിന് പരാതി നല്‍കിയത്. യൂണിറ്റ് റൂമില്‍ എത്തിച്ച് മര്‍ദിച്ചെന്നാണ് പരാതി. കാലിന് പ്രശ്നം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അസഭ്യം പറയുകയും വൈകല്യത്തെ കളിയാക്കുകയും ചെയ്തുവെന്നും പരാതിയില്‍ ആരോപിക്കുന്നു. വൈകല്യമുള്ള കാലില്‍ ഷൂ വച്ചു ചവിട്ടി, ചോദിച്ചെത്തിയ സുഹൃത്തിനേയും ഇവര്‍ മര്‍ദിച്ചിരുന്നു. പുറത്ത് പറഞ്ഞാല്‍ വീട്ടില്‍ കയറി അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു.

Related Posts

Leave a Reply