Kerala News Top News

ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി.

ഭാവഗായകൻ പി ജയചന്ദ്രന് സംഗീതലോകത്തിന്റെ അന്ത്യാഞ്ജലി. അഞ്ച് പതിറ്റാണ്ടിലധികം മലയാളിയെ സംഗീത ലോകത്ത് ചേർത്ത് നിർത്തിയ പ്രിയ ഗായകനാണ് വിട വാങ്ങിയത്. അർബുദബാധയെ തുടർന്ന് എൺപതാം വയസിലായിരുന്നു പി ജയചന്ദ്രന്റെ അന്ത്യം. തൃശ്ശൂർ അമല ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം രാവിലെ 8:00 മണിക്ക് പൂങ്കുന്നത് വസതിയിൽ പൊതുദർശനത്തിന് വയ്ക്കും. 10 മണിയോടെ സംഗീത നാടക അക്കാദമി റീജണൽ തീയേറ്ററിൽ പൊതുദർശനമുണ്ടാകും. നാളെ ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് പറവൂർ ചേന്ദമംഗലത്താണ് സംസ്കാരം.

ഇന്നലെ രാത്രി ഏഴു മണിക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞു വീണതിനെ തുടർന്ന് പി ജയചന്ദ്രനെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 7.54 നാണ് മരണം സ്ഥിരീകരിച്ചത്. അർബുദ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചു വർഷങ്ങളായി തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ ലളിത. മകൾ ലക്ഷ്മി. മകൻ ഗായകൻ കൂടിയായ ദിനനാഥൻ.

മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരം ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.

Related Posts

Leave a Reply