അപസര്‍പ്പക കഥകളെ വെല്ലുന്ന പ്രവര്‍ത്തികള്‍..മൃഗങ്ങളെ അതിക്രൂരമായി കൊല്ലുന്നത് പ്രധാന വിനോദം…ഒടുവില്‍ സ്വന്തം ഭാര്യയെ അരുംകൊല ചെയ്യല്‍..ബ്രിട്ടനില്‍ നിന്നുള്ള നിക്കോളാസ് മെറ്റ്സണ് എന്ന ഇരുപത്തിയെട്ടുകാരന് കാട്ടിക്കൂട്ടിയ അതിക്രമങ്ങള്‍ ചില്ലറയല്ല. വിവാഹ ജീവിതം എന്നൊക്കെ വിളിക്കാമോ എന്നറിയില്ല..ഏറെ പ്രതീക്ഷയോടെ ജീവിതം ആരംഭിച്ച ഹോളി ബ്രാംലിയെന്ന ഇരുപത്തിയാറുകാരി പതിനാറ് മാസം നീണ്ട ദുരിത പര്‍വത്തിനൊടുവില്‍ വിവാഹ മോചനത്തിന് തയ്യാറെടുക്കുമ്പോഴാണ് 2023 ല്‍ കുത്തേറ്റ് മരിക്കുന്നത്. ഹോളി ബ്രാംലിയെ കാണാതായതായി 2023 മാര്‍ച്ചില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയ പൊലീസുകാരോട് താന്‍ കടുത്ത ഗാര്‍ഹിക പീഡനത്തിനിരയാണ് എന്ന് പറഞ്ഞ് കയ്യിലെ കടിയേറ്റതുപോലെയുള്ള പാട് പൊലീസുകാരെ കാണിച്ചുകൊടുത്തു. ഏതോ വനിതാ സംഘടനക്കാരോടൊപ്പം ഭാര്യ പോയെന്നായിരുന്നു മെറ്റ്സണിന്റെ മറ്റൊരു ഉത്തരം.
മൊത്തത്തില്‍ സ്പെല്ലിങ് മിസ്റ്റേക്ക് തോന്നിയ പൊലീസ് മടങ്ങിപ്പോകാതെ വീണ്ടും തിരിച്ചെത്തി ഫ്ലാറ്റില്‍ പരിശോധന നടത്തി. ചിലപ്പോ ഹോളി കട്ടിലിനടിയില്‍ ഒളിച്ചിരിക്കുകയായിരിക്കും എന്നായിരുന്നത്രേ അപ്പോള്‍ മെറ്റ്സണ് പറഞ്ഞത്. അമോണിയയുടെയുടെയും ബ്ലീച്ചിന്റെയും രൂക്ഷ ഗന്ധം…ബെഡ് ഷീറ്റിലെ രക്തക്കറ…കിടപ്പുമുറിയിലെ തറയില്‍ തളം കെട്ടിയ രക്തം…ടവ്വലില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മഴു… ഇതൊക്കെ ആയിരുന്നു പൊലീസ് കണ്ടെത്തിയത്.
മെറ്റ്സണിന്റെ ഫ്ലാറ്റിലെ തിരച്ചിലിന് ഒരു ദിവസത്തിനുശേഷം, ബാസിംഗ്ഹാമിലെ വിറ്റാം നദിയിലൂടെ പോയ ഒരാളാണ് ഭയാനകമായ ആ ദൃശ്യം കണ്ടത്. നദിയില്‍ പൊങ്ങിക്കിടക്കുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ശ്രദ്ധിച്ച അയാള്‍ അതിലൊന്നില്‍ കണ്ടത് ഒരു മനുഷ്യന്റെ കയ്യാണ്. അദ്ദേഹം പോലീസിനെ വിവരമറിയിച്ചതിന് തൊട്ടുപിന്നാലെ, മുങ്ങല്‍ വിദഗ്ധര്‍ നദിയിലേക്ക് ചാടി, ബ്രാംലിയുടെ ശരീരത്തിന്റെ 224 കഷണങ്ങള്‍ മാത്രമാണ് കണ്ടെത്തിയതെന്ന്, കോടതി വാദം ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
താമസിയാതെ കൊലപാതകം തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മെറ്റ്സണെ അറസ്റ്റ് ചെയ്തു. ആഴ്ചകളോളം കുറ്റം നിഷേധിച്ച മെറ്റ്സണ് ഒടുവില്‍ കഴിഞ്ഞ ദിവസമാണ് കുറ്റസമ്മതം നടത്തിയത്. അടുക്കളയിലെ ഗോവണിയിലുപേക്ഷിച്ച മൃതദേഹം ഉപേക്ഷിക്കാന്‍ അന്‍പത് പൗണ്ട് സുഹൃത്തായ ജോഷ്വാ ഹാംകോക്കിന് മെറ്റ്സണ് നല്‍കിയെന്നും മൊഴിയുണ്ട്. ആ തുക മെറ്റ്സണ് പിന്‍വലിച്ചതും ബ്രാംലിയുടെ അക്കൗണ്ടില്‍ നിന്ന്.
അറസ്റ്റിന് ശേഷം മെറ്റ്സണിന്റെ ഗൂഗിള്‍ സേര്‍ച്ച് ഹിസ്റ്ററി പരിശോധിച്ച പൊലീസ് പിന്നെയും ഞെട്ടി. ഒരു മൃതദേഹം എങ്ങനെ ഒഴിവാക്കാം..ഭാര്യ മരിച്ചാല്‍ എന്തൊക്കെ പ്രയോജനങ്ങള്‍..കൊലപാതകം ദൈവം ക്ഷമിക്കുമോ…ഗൂഗിളിനോട് മെറ്റ്സണ് ചോദിച്ച സംശയങ്ങള്‍ ഇങ്ങനെ പോകുന്നു.
മെറ്റ്സണിന്റെ കുറ്റകൃത്യ ചരിത്രം പരിശോധിച്ച പൊലീസ് കണ്ടെത്തിയതും വിചിത്രമായ പല സംഭവങ്ങളാണ്. തന്റെ കൊലപാതക ജീവിതത്തിന് മെറ്റ്സണ് തുടക്കമിട്ടത് മിണ്ടാപ്രാണികളായ മൃഗങ്ങളോടുള്ള ക്രൂരതകളിലൂടെയാണ്. ഭാര്യ ബ്രാംലിയുടെ നായക്കുട്ടിയെ വാഷിങ് മെഷീനിലിട്ടു കൊന്നത് അതിലൊന്ന്. മെഷീനിലെ ഡ്രമ്മില്‍ കുരുങ്ങി കറങ്ങി അതിദാരുണമായിരുന്നു നായക്കുട്ടിയുടെ അന്ത്യം. ഫുഡ് ബ്ലെന്‍ഡറിലും മൈക്രോവേവിലും ഇട്ട് ബ്രാംലിയുടെ ഹാംസ്റ്ററുകളെ കൊന്നത് മറ്റൊരു ക്രൈം. തന്റെ മുയല്‍ക്കുട്ടികളെ മെറ്റ്സണില് നിന്ന് രക്ഷിക്കാന്‍ അവയെ എടുത്തുകൊണ്ട് ബ്രാംലി പൊലീസ് സ്റ്റേഷനിലേക്ക് ഓടിയ സംഭവവും ഉണ്ടായിട്ടുണ്ടത്രേ…സ്വന്തം വീടുമായോ വീട്ടുകാരുമായോ ബന്ധപ്പെടാന്‍ ബ്രാംലിയെ മെറ്റ്സണ് സമ്മതിച്ചിരുന്നില്ലെന്ന് ബ്രാംലിയുടെ കുടുംബം ആരോപിക്കുന്നു.
