രാജസ്ഥാനില്‍ പിതാവ് മകളെ കഴുത്തറുത്ത് ചുട്ടുകൊന്നു. പാലി ജില്ലയിലാണ് സംഭവം. ഒളിവില്‍ കഴിയുന്ന പ്രതി ശിവ് ലാല്‍ മേഘ്വാളിനാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയുമായി പിരിഞ്ഞ് ഭാര്യയും മകളും ഗുജറാത്തിലായിരുന്നു താമസം. കുടുംബ വഴക്കിനു കാരണം മകളാണെന്ന് ധരിച്ചായിരുന്നു പിതാവിന്റെ ക്രൂരകൃത്യം.
പ്രതി ശിവലാല്‍ മേഘ്വാള്‍ 12 വര്‍ഷമായി കുടുംബവുമായി വേര്‍പ്പിരിഞ്ഞ് പാലി ജില്ലയിലാണ് കഴിയുന്നത്. ഇയാളുടെ ഭാര്യയും മക്കളും ഗുജറാത്തിലാണ് താമസം. ഭാര്യയുമായി വേര്‍പ്പിരിഞ്ഞതിനും കുടുംബം ശിഥിലമായതിനും പിന്നില്‍ മൂത്ത മകളായിരുന്നുവെന്ന് പ്രതിയും പിതാവുമായ ശിവലാല്‍ വിശ്വസിച്ചിരുന്നു.
തിങ്കളാഴ്ച പാലിയിലെ ഒരു ഗ്രാമത്തില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരുന്നു പ്രതിയുടെ രണ്ട് പെണ്‍മക്കളും എത്തിയത്.മൂത്ത മകള്‍ നിര്‍മ്മയോട് കുറച്ചു കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടെന്നും തന്നോടൊപ്പം വരണമെന്നും പ്രതി ആവശ്യപ്പെട്ടു. ആളൊഴിഞ്ഞ സ്ഥലത്തേക്ക് നിര്‍മ്മയെ കൂട്ടിക്കൊണ്ടു പോയശേഷമായിരുന്നു കൃത്യം നടത്തിയത്. മകളെ കഴുത്തറുത്ത് കൊന്നശേഷം പെട്രോള്‍ ഉപയോഗിച്ച് തീ കൊളുത്തി.കൃത്യം നടത്തി തിരികെ വരുന്ന സമയത്ത് ഇയാളുടെ കൈകളിലെ രക്തം കണ്ട് ഇളയ മകള്‍ നിലവിളിക്കുകയും ഗ്രാമവാസികള്‍ ഓടിക്കൂടിയും ചെയ്തു. കത്തിക്കരിഞ്ഞ നിലയിലായിരുന്നു നിര്‍മ്മയുടെ ശരീരം കണ്ടെത്തിയത്. സംഭവം സ്ഥലത്തുനിന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം ആരംഭിച്ചു.