കോട്ടയം വടവാതൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. ചെങ്ങളം സ്വദേശി രഞ്ജിത്താണ് മരിച്ചത്. പ്രതി വണ്ടിപ്പെരിയാർ സ്വദേശി അജീഷ് ഒളിവിലാണ്. അജീഷിന്റെ ബന്ധുവാണ് കൊല്ലപ്പെട്ട രഞ്ജിത്. ഇന്നലെ രാത്രി ഏഴര മണിയോടെയാണ് സംഭവം നടന്നത്. ഭാര്യയുടെ ആൺ സുഹൃത്തെന്ന് സംശയിച്ചാണ് ബന്ധുവായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.
ഇയാളുടെ സുഹൃത്ത് റിജോക്ക് ഗുരുതരമായി പരുക്കേറ്റു. സംഭവത്തിന് പിന്നാലെ പ്രതി രക്ഷപ്പെട്ടു. രഞ്ജിത്തും റിജോയും ജോലി കഴിഞ്ഞ് മടങ്ങിവരവേയാണ് അജീഷ് ആക്രമിച്ചത്. പ്രതിയെ പിടികൂടാൻ പൊലീസ് അന്വേഷണം ആരംഭിച്ചു. അജീഷിന് ഭാര്യയെ സംശയമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നേരത്തെ അജീഷിന് എതിരെ ഭാര്യ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്.