ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിന് കോൺഗ്രസ്. മുതിർന്ന നേതാക്കൾ ഉൾപ്പെടെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ നിർദേശം. സംസ്ഥാന-ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധം ഉച്ചയ്ക്ക് ശേഷം പ്രതിഷേധം സംഘടിപ്പിക്കും. ഭരണ പരാജയം മറച്ചുവെക്കുന്നതിനായാണ് ഭാരത് ജോഡോ ന്യായ് യാത്ര തടസപ്പെടുത്തുന്നതെന്ന് കോൺഗ്രസ് വിമർശിച്ചു.
ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബിജെപി ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് കെപിസിസി ആഹ്വാനം ചെയ്തിരുന്നു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിലെ അസാധാരണമായ ജനപങ്കാളിത്തം കണ്ട് വിറളിപിടിച്ച ബിജെപി ക്രിമിനലുകൾ വ്യാപകമായ അക്രമം അഴിച്ചുവിടുകയാണെന്ന് കെപിസിസി പറഞ്ഞു.
രാഹുൽ ഗാന്ധിയും അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും തമ്മിലുള്ള വാക്പോര് മുറുകുന്നതിനിടെയാണ് സംഘർഷം. കഴിഞ്ഞ ദിവസം വാഹനങ്ങളുടെ ചില്ലുകൾ ബിജെപി പ്രവർത്തകർ തകർത്തുന്നുവെന്ന കോൺഗ്രസ് ആരോപിച്ചതിന് പിന്നാലെ ഇന്നലെ വീണ്ടും സംഘർഷം ഉണ്ടാകുകയായിരുന്നു. കൊടികളുമായി എത്തിയ ബിജെപി പ്രവർത്തകർ മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ജയ്റാം രമേശിൻറെ കാർ തടഞ്ഞു. വാഹനത്തിലെ ചില്ലിൽ ഉണ്ടായ ഭാരത് ജോഡോ ന്യായ് യാത്രയുടെ സ്റ്റിക്കറുകൾ ബിജെപി പ്രവർത്തകർ കീറിയെന്നും വെള്ളം ഒഴിച്ചുവെന്നും ജയ്റാം രമേശ് ആരോപിച്ചു. ജനുവരി 25 വരെയാണ് അസമിൽ ഭാരത് ജോഡോ യാത്ര പര്യടനം നടത്തുക. രാജ്യത്തെ ഏറ്റവും വലിയ അഴിമതിക്കാരാനായ മുഖ്യമന്ത്രിയാണ് ഹിമന്ദയെന്ന പ്രചരാണമാണ് സംസ്ഥാനത്ത് രാഹുലും കോൺഗ്രസും നടത്തുന്നത്.