Entertainment Kerala News

ബോക്സ് ഓഫീസിൽ വാലിബൻ കുതിയ്ക്കുന്നു; ആദ്യ ദിനം നേടിയത് 12 കോടിയ്ക്ക് മുകളിൽ


ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. എങ്കിലും ഇതൊന്നും ബോക്സോഫീസിൽ പ്രതിഫലിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിവിധ ട്രേഡ് അനലിസ്റ്റുകളും ‍ട്രാക്കർമാരും റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് ആദ്യദിനം 12 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ ഗ്രോസ് കളക്ഷൻ. 

ആദ്യ ദിനം കേരളത്തിൽ നിന്നു മാത്രം ചിത്രം നേടിയത് 5.85 കോടി രൂപയാണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ഒരു കോടി രൂപയും വിദേശത്തുനിന്ന് ആകെ 6,53,000 ഡോളറും. അതായത് അഞ്ച് കോടി 42 ലക്ഷം രൂപയ്ക്ക് മുകളിൽ. അങ്ങനെ മൊത്തത്തിൽ ആദ്യ ദിനം മലൈക്കോട്ടൈ വാലിബൻ നേടിയത്. 12.27 കോടി ​ഗ്രോസ് കളക്ഷൻ.

ഇതോടെ മോഹൻലാലിൻ്റെ ഏറ്റവും മികച്ച നാലാമത്തെ ഓപ്പണിംഗ് ആണ് വാലിബനു ലഭിച്ചത്. മരക്കാർ, ഒടിയൻ, ലൂസിഫർ എന്നീ സിനിമകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. മലയാള സിനിമകളിൽ, കേരളത്തിൽ എക്കാലത്തെയും മികച്ച അഞ്ചാമത്തെ ഓപ്പണിംഗും ചിത്രത്തിനു ലഭിച്ചു. എല്ലാ ഭാഷാ റിലീസുകളുടെ ഓപ്പണിം​ഗ് എടുത്താൽ വാലിബൻ പത്താമതുണ്ട്.

മമ്മൂട്ടി നായകനായെത്തിയ നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനു ശേഷം ലിജോ ജോസ് ഒരുക്കിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മോഹൻലാലും ലിജോയും ആദ്യമായി ഒരുമിക്കുന്നു എന്നതും വമ്പൻ ബജറ്റിൽ ഒരുങ്ങുന്നു എന്നതും റിലീസിനു മുൻപ് തന്നെ ചിത്രത്തിൻ്റെ ഹൈപ്പ് വർധിപ്പിച്ചിരുന്നു. എന്നാൽ, സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമയ്ക്ക് ലഭിക്കുന്നത്. സിനിമക്കെതിരെ ഹേറ്റ് ക്യാമ്പയിൻ നടക്കുന്നു എന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആരോപിച്ചിരുന്നു.

മലൈക്കോട്ടൈ വാലിബന് ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഉള്ളത് എന്നാണ് ലിജോ പ്രതികരിച്ചത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. സിനിമ കണ്ട് അഭിപ്രായം പറയണം. നെഗറ്റീവ് റിവ്യൂനെ പറ്റി ചിന്തിക്കുന്നില്ല അത് തനിക്ക് ഒരു പ്രശ്നമല്ല. ഫസ്റ്റ് ഷോ കണ്ട് ഇറങ്ങുന്ന പ്രേക്ഷകർ പറയുന്നതാണ് കൂടുതൽ സ്വീകരിക്കുന്നത്. എന്തിനാണ് ഇങ്ങനെ ഹേറ്റ് ക്യാമ്പയിൻ നടത്തുന്നത് എന്ന് മനസിലാകുന്നില്ല. മാസ് പടം ആണെന്നോ ഫാൻസിന് വേണ്ടിയുള്ള ചിത്രമാണെന്നോ പറഞ്ഞിട്ടില്ല. സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല. പക്ഷെ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ് മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായതെന്നും ലിജോ ജോസ് പെല്ലിശ്ശേരി പറഞ്ഞു.

Related Posts

Leave a Reply