Kerala News

ബേലൂർ മഖ്നയുടെ സഞ്ചാരം; ദൗത്യം നാലാം ദിവസത്തിൽ, പ്രതിസന്ധികള്‍ ഏറെ

വയനാട്: മാനന്തവാടി പടമലയിലെ അജീഷ് എന്ന കർഷകന്‍റെ ജീവനെടുത്ത ബേലൂർ മഖ്നയെന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ദൗത്യം നാലാം ദിവസത്തിൽ. ഇന്നത്തെ നടപടികൾ വനംവകുപ്പ് തുടങ്ങി. ആനയുടെ സിഗ്നൽ കിട്ടുന്ന ഭാഗത്താകും ആദ്യ തെരച്ചിൽ. രാത്രി വൈകി, ആന കർണാടക അതിർത്തിക്ക് ഏറെ അടുത്ത് എത്തിയിരുന്നെങ്കിലും തിരികെ കേരള കാടുകളിലേക്ക് തന്നെ നീങ്ങി. പൊന്തക്കാടുകളാണ് മയക്കുവെടി ദൗത്യം ദുഷ്കരമാക്കുന്നത്. വിവിധ സംഘങ്ങളായി തിരിഞ്ഞ്, കാടിൻ്റെ പലഭാഗത്ത് കൂടിയാണ് ദൗത്യസംഘം ആനയെത്തേടി പോയിരിക്കുന്നത്. ദൗത്യം നീളുന്നതിൽ നാട്ടുകാർ രോഷത്തിലാണ്. സ്ഥലവും സന്ദർഭവും കൃത്യമായാല്‍ മാത്രം മയക്കുവെടിക്ക് ശ്രമിക്കുമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ തമ്പടിച്ചിട്ടുള്ള ആന, കുങ്കികളെ കാണുമ്പോൾ ഒഴിഞ്ഞു മാറുകയായിരുന്നു. നിലവില്‍ മറ്റൊരു മോഴയ്‍ക്കൊപ്പമാണ് ആനയുടെ സഞ്ചാരം. ദൗത്യസംഘത്തിന് മുന്നിൽ കടുവയും പുലിയുമടക്കം വന്യമൃഗങ്ങൾ എത്തുന്നതും ദൗത്യത്തിന് പ്രതിസന്ധിയാകുന്നുണ്ട്. അതേസമയം, നാട്ടുകാരുടെ പ്രതിഷേധം ശക്തമായതിനാൽ, എത്രയും പെട്ടെന്ന് മോഴയെ പിടിക്കാനാണ് വനംവകുപ്പിൻ്റെ നീക്കം. പൊന്തക്കാടുകൾക്കിടയിൽ മറയുന്നതാണ് മോഴയുടെ രീതി. ഇന്നലെ പലതവണ മയക്കുവെടിക്ക് ഒരുങ്ങിയെങ്കിലും ഭാഗ്യം മോഴയ്ക്ക് ഒപ്പമായിരുന്നു.

Related Posts

Leave a Reply