ബെംഗളൂരു: ബെംഗളൂരുവിൽ പെയിങ് ഗസ്റ്റായി താമസിക്കുന്ന യുവതിയെ കുത്തിയും കഴുത്തറുത്തും കൊലപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചൊവ്വാഴ്ചയാണ് കോറമംഗലയിൽ കൃതിക കുമാരി എന്ന ബിഹാർ സ്വദേശിനി ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതിയായ യുവാവിനെ ഇതുവരെ പിടികൂടിയിട്ടില്ല. യുവതിയുടെ മുറിയുടെ മുന്നിലെത്തിയ കൊലപാതകി വാതിലിൽ മുട്ടുന്നു. യുവതി വാതിൽ തുറക്കുമ്പോൾ പുറത്തേക്ക് വലിച്ച് ചുമരിനോട് ചേർത്ത് നിർത്തി ആക്രമിക്കുന്നു. യുവതി തടയാൻ ശ്രമിച്ചെങ്കിലും കത്തിയെടുത്ത് കഴുത്തിൽ തന്നെ തുടരെ തുടരെ കുത്തുകയും കഴുത്തറുക്കുകയും ചെയ്യുന്നു. മുറിവ് മാരമാണെന്ന് ഉറപ്പുവരുത്താൻ കത്തി കഴുത്തിൽ കുത്തിയിറക്കി വലിച്ചൂരിയ ശേഷമാണ് ഇയാൾ പോയത്.
സഹായത്തിനായി പെൺകുട്ടി കരയുന്നുണ്ടെങ്കിലും സമീപത്തുള്ളവർ ആരും പെൺകുട്ടിയുടെ അടുത്ത് പോകുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർന്നു. സംഭവം നടന്ന് ഇത്ര ദിവസമായിട്ടും പ്രതിയെ പിടികൂടാനാകാത്തതിൽ പ്രതിഷേധവുമുയരുന്നുണ്ട്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയായിരുന്നു കൃതി. ചൊവ്വാഴ്ച രാത്രി 11.10 നും 11.30 നും ഇടയിലാണ് സംഭവം. സംഭവസ്ഥലത്ത് വെച്ച് തന്നെ കൃതി മരിച്ചു.