പാട്ന: ബിഹാറിൽ പെട്രോൾ പമ്പിൽ ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് കവർച്ചയ്ക്ക് പിന്നിൽ. ഇന്ധനം നിറയ്ക്കാനെന്ന വ്യാജേനെ സംഘം പെട്രോൾ പമ്പിൽ വാഹനം നിർത്തുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനിടെ ഇവർ തോക്ക് ചൂണ്ടി പെട്രോൾ പമ്പ് ജീവനക്കാരെ ഭീഷണിപ്പെടുത്തി. തുടർന്ന് പെട്രോൾ പമ്പ് ജീവനക്കാരന്റെ ബാഗ് ഇവർ തട്ടിയെടുക്കുകയായിരുന്നു. ബഹളം വെച്ചാൽ കൊന്ന് കളയുമെന്ന് പറഞ്ഞാണ് ഇവർ പണം തട്ടിയതെന്ന് ജീവനക്കാർ പറയുന്നു. മുഖം മറച്ചെത്തിയതിനാൽ ഇവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കവർച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൊലീസ് നടത്തി വരികയാണ്.