ബിവറേജില്‍ നിന്നും അനുവദനീയമായ സമയം കഴിഞ്ഞും മദ്യം വാങ്ങിയ പൊലീസുകാരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ നാട്ടുകാര്‍ക്ക് മര്‍ദനം. മലപ്പുറം എടപ്പാള്‍ കണ്ടനകം ബീവറേജില്‍ ഇന്നലെ രാത്രി 9.30ന് ശേഷമാണ് സംഭവം. ചങ്ങരംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരാണ് നാട്ടുകാരെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പരുക്കേറ്റ യുവാവിനെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ടനകം സ്വദേശി സുനീഷ് കുമാറിനാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒമ്പതരയ്ക്ക് എടപ്പാള്‍ കണ്ടനകം ബീവറേജ് ഔട്ട്‌ലെറ്റിലെ ഗേറ്റിനു പുറമേ നിന്ന് രണ്ടുപേര്‍ ബീവറേജ് ജീവനക്കാരുമായി സംസാരിക്കുന്നതും പണം കൈമാറുന്നതും ശ്രദ്ധയില്‍പ്പെട്ട യുവാവ് ഇത് മൊബൈല്‍ പകര്‍ത്തുകയായിരുന്നു. രാത്രി 9മണി വരെയാണ് ബീവറേജസിലെ മദ്യവില്പനയ്ക്കായി അനുവദിച്ച സമയം. ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ട പൊലീസുകാര്‍ മര്‍ദിച്ചെന്നാണ് യുവാവിന്റെ പരാതി.
എന്നാല്‍ താനല്ല മര്‍ദിച്ചതെന്നും തന്നെ നാട്ടുകാരാണ് മര്‍ദിച്ചതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നത്. പ്രവര്‍ത്തന സമയം കഴിഞ്ഞിട്ടും ബിവറേജില്‍ വന്നത് മദ്യം വാങ്ങാനല്ലെന്നും സുഹൃത്തിനെ കാണാനായിരുന്നെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.