ബിജെപി ജില്ലാ നേതൃത്വത്തിന് എതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി കൊല്ലത്തെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാർ. തന്റെ പോസ്റ്റർ വിതരണം ചെയ്യുന്നില്ലെന്നും പ്രചാരണ രംഗത്ത് ജില്ലാ നേതൃത്വം നിസഹകരണം കാട്ടുകയാണെന്നുമാണ് സ്ഥാനാർത്ഥിയുടെ പരാതി. പരാതിയ്ക്ക് പിന്നാലെ ആർ എസ് എസ് ഇടപെട്ട് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ സംവിധാനം ഒരുക്കി. ബിജെപി ജില്ലാ നേതൃത്വത്തെ ഞെട്ടിച്ചാണ് കൃഷ്ണകുമാർ കൊല്ലത്ത് സ്ഥാനാർത്ഥിയായി എത്തുന്നത്. ഇതോടെ തുടങ്ങിയതാണ് ജില്ലാ നേതൃത്വത്തിൻ്റെ നിസംഗതയെന്നാണ് ആക്ഷേപം. സ്ഥാനാർത്ഥി നിർണ്ണയം വൈകിയതിനാൽ പോസ്റ്റുകൾ അച്ചടിക്കാൻ താമസം ഉണ്ടെന്നായിരുന്നു തുടക്കത്തിൽ ജില്ലാ നേതൃത്വത്തിൻ്റെ വാദം. ഇതോടെ കൃഷ്ണകുമാർ സ്വന്തമായി പോസ്റ്ററുകൾ തയ്യാറാക്കി.എന്നാൽ ഇത് വിതരണം ചെയ്യാൻ ജില്ലാ നേതൃത്വം തയ്യാറായില്ല.പുതിയ പ്രിൻറിംഗ് ഓഡറുകൾ നൽകിയതും ഇല്ല. താൻ സ്വന്തം നിലയ്ക്ക് അച്ചടിച്ച പോസ്റ്ററുകൾ പോലും ജില്ലാ നേതൃത്വം വിതരണം ചെയ്യുന്നില്ല. ഈ രീതിയിൽ മുന്നോട്ടു പോകാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൃഷ്ണകുമാർ സംസ്ഥാന നേതൃത്വത്തിനെ പരാതിയറിയിച്ചത്. പരാതി ബോധ്യപ്പെട്ട ആർ എസ് എസ് കൊല്ലത്തെ ജില്ലാ നേതൃത്വത്തെ കൊണ്ട് പണിയെടുപ്പിക്കാനായി സംയോജകനെ ചുമതലപ്പെടുത്തി.ബി ജെ പി മത്സരിക്കുന്ന കൊല്ലo മണ്ഡലത്തിൽ മാത്രമാണ് ഇത്തരത്തിൽ പ്രത്യേകയാളെ ചുമതലപ്പെടുത്തിരിക്കുന്നത്. ജില്ലാ പ്രസിഡൻ്റ് ആയിരിക്കും സ്ഥാനാർത്ഥിയാവുകയെന്നായിരുന്നു വിവരം. ഇതിനെ വെട്ടിയാണ് പാർട്ടി നേതൃത്വം നടൻ കൂടിയായ കൃഷ്ണകുമാറിൻ്റെ സ്ഥാനാർത്ഥിയാക്കിയത്. ഇതിലുള്ള അതൃപ്തിയാണ് ജില്ലാ നേതൃത്വത്തിൻ്റെ നിസംഗതയ്ക്ക് കാരണമെന്നാണ് വിവരം.