ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ പ്രത്യേക അന്വേഷണ സംഘവും സിദ്ദിഖും സുപ്രിം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടുണ്ട്. സിദ്ദിഖിന്റെ ജാമ്യാപേക്ഷ സ്ത്രീത്വത്തിന്റെ അന്തസിനെ ഹനിക്കുന്നതാണെന്ന് പൊലീസ് ആരോപിക്കുന്നു. അതിജീവിതയോട് അങ്ങേയറ്റം അപമര്യാദയോടെയും അനാദരവോടെയും പെരുമാറുകയും,അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സമൂഹമാധ്യമങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിക്കേണ്ടത് കൊണ്ട് അന്വേഷണപ്രക്രിയ സങ്കീര്‍ണമാണ്. തെളിവുകള്‍ക്കായി സിദ്ദിഖിനെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസിന്റെ ആവശ്യം. എന്നാല്‍ അന്വേഷണവുമായി സഹകരിക്കുന്നുണ്ട് എന്നും തന്റെ പക്കല്‍ ഉള്ളതെല്ലാം കൈമാറിയെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ കോടതിയെ അറിയിച്ചു.
പൊലീസ് ആവശ്യപ്പെട്ട പഴയ ഫോണുകള്‍ തന്റെ കൈവശമില്ലെന്നും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അജ്ഞാതരായ ചിലര്‍ തന്നെ പിന്തുടരുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നും എന്നാല്‍ അത് പൊലീസുകാര്‍ തന്നെയെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയതായും സിദ്ദിഖ് സത്യവാങ്മൂലത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജി സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിദ്ദിഖ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.