Kerala News

ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല

ബലാത്സംഗക്കേസില്‍ നടനും എംഎൽഎയുമായ എം മുകേഷിൻ്റെ മുൻകൂർ ജാമ്യത്തിൽ അപ്പീൽ ഇല്ല. ഹൈക്കോടതിയിൽ അപ്പീൽ നൽകേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. മുൻകൂര്‍ ജാമ്യം നല്‍കികൊണ്ടുള്ള എറണാകുളം സെഷൻസ് കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നത് സര്‍ക്കാര്‍ വിലക്കി.

ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ.ഹൈക്കോടതിയെ സമീപിക്കേണ്ടന്നാണ് അന്വേഷണ സംഘത്തിന് ആഭ്യന്തര വകുപ്പ് നല്‍കിയ നിര്‍ദേശം. മുൻകൂര്‍ ജാമ്യത്തിനെതിരെയുള്ള അപ്പീല്‍ ഹര്‍ജി തയ്യാറാക്കിയിരുന്നു. ഇതിനിടെയാണ് സര്‍ക്കാരിന്‍റെ ഇടപെടലുണ്ടായത്.

മുൻകൂർ ജാമ്യം ലഭിച്ചതിന് പിന്നാലെ സത്യം ചെരുപ്പിട്ട് വരുമ്പോഴേക്കും കള്ളം ലോകം ചുറ്റി കഴിഞ്ഞിരിക്കുമെന്ന് മുകേഷ് പ്രതികരിച്ചിരുന്നു. വൈകി ആണെങ്കിലും സത്യം തെളിയുമെന്നും നിയമ പോരാട്ടം തുടരുമെന്നുമായിരുന്നു മുകേഷിൻ്റെ പ്രതികരണം.

മരട് പൊലീസാണ് നടിയുടെ പരാതിയിൽ മുകേഷിന്റെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഓഗസ്റ്റ് 26ാം തീയതിയാണ് നടി മുകേഷടക്കം സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്.

Related Posts

Leave a Reply