International News

ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മരണസംഖ്യ 105 ആയി

ധാക്ക: ബംഗ്ലാദേശില്‍ സര്‍ക്കാര്‍ജോലി സംവരണത്തിനെതിരായ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ മരണസംഖ്യ 105 ആയി. രാജ്യത്ത് കര്‍ഫ്യൂ പ്രഖ്യാപിക്കുന്നതിനൊപ്പം സൈന്യത്തെയും വിന്യസിച്ചു. പ്രക്ഷോഭകരെ നിയന്ത്രിക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടതോടെയാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചത്.

തലസ്ഥാന നഗരമായ ധാക്കയില്‍ ആളുകള്‍ കൂട്ടം കൂടുന്നത് പൊലീസ് വിലക്കിയിരുന്നു. പൊതുജനസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നായിരുന്നു പൊലീസ് മേധാവി അറിയിച്ചത്. എന്നാല്‍ പ്രക്ഷോഭകരെ തടയാന്‍ ആയില്ല. പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെക്കുന്നതുവരെ തെരുവിലുണ്ടാവുമെന്നും നിലവിലെ അക്രമ സംഭവങ്ങളുടെ ഉത്തരവാദി ഷെയ്ഖ് ഹസീനയാണെന്നുമാണ് പ്രക്ഷോഭകര്‍ ആരോപിക്കുന്നത്.

പ്രക്ഷോഭം കനത്തതോടെ 305 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തിരിച്ചെത്തിയതായാണ് വിവരം. ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് വിദേശ കാര്യമന്ത്രാലയം നിര്‍ദേശം നല്‍കി. വിദ്യാര്‍ത്ഥി പ്രക്ഷോഭകര്‍ക്കെതിരെയുള്ള ആക്രമണം ഞെട്ടിക്കുന്നതും അംഗീകരിക്കാന്‍ കഴിയാത്തതുമാണെന്ന് യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ തുര്‍ക്ക് പ്രതികരിച്ചു.

1971 ലെ ബംഗ്ലാദേശ് വിമോചന സമരത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്കുള്ള 30 ശതമാനം സര്‍ക്കാര്‍ ജോലിയിലെ സംവരണം പുനഃരാരംഭിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 2018ല്‍ എടുത്തുകളഞ്ഞ സംവരണം തിരികെ കൊണ്ടുവരാനുള്ള നടപടിക്കെതിരെ ധാക്കയുള്‍പ്പെടെയുള്ള നഗരങ്ങളിലെ നൂറുക്കണക്കിന് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളാണ് തെരുവിലുള്ളത്.

ഹൈക്കോടതി ഉത്തരവ് താല്‍ക്കാലികമായി റദ്ദാക്കിയ സുപ്രീംകോടതി, സര്‍ക്കാരിന്റെ അപ്പീല്‍ ഓഗസ്റ്റ് 7ന് പരിഗണിക്കും. സംവരണ വിരുദ്ധ പ്രക്ഷോഭകരും ഹസീനയുടെ നേതൃത്വത്തിലുള്ള അമാവി ലീഗ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയും നേര്‍ക്കുനേര്‍ എത്തിയതോടെയാണ് പ്രക്ഷോഭം കനത്തത്.

Related Posts

Leave a Reply