തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി. സെപ്റ്റംബര്‍ 29 ഓടെ വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ ചക്രവാതചുഴി രൂപപ്പെട്ടേക്കാം. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ വടക്കന്‍ ആന്‍ഡമാന്‍ കടലിനും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
തെക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശ്, തെക്കന്‍ ഛത്തീസ്ഗഡ്, തീരദേശ തമിഴ്‌നാട്, വടക്കന്‍ ഒഡിഷ എന്നിവയ്ക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. ഇതിന്റെ സ്വാധീനത്താല്‍ ഇനിയുള്ള അഞ്ച് ദിവസം മഴ തുടരാനാണ് സാധ്യത. നിലവില്‍ ഇന്ന് ഒരിടത്തും മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വരും ദിവസങ്ങളില്‍ മഴ സജീവമായേക്കം. 28ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 29ന് അഞ്ച് ഇടത്തും യെല്ലോ അലേര്‍ട്ടുണ്ട്.
28ന് കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. 29ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് ആണ്. മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്നും മുന്നറിയിപ്പുണ്ട്