ബംഗളൂരുവിനോട് ഒരു ഗോളിന് തോൽവി വഴങ്ങി കേരള ബ്ലാസ്‌റ്റേഴ്‌സ്. ഇന്നത്തെ തോൽവിയോടെ ബ്ലാസ്‌റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തായി.അതേ സമയം, ബിഎഫ്‌സി രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറിലേക്കുയർന്നു. ബെംഗളൂരുവിനായി സ്പാനിഷ് മിഡ്ഫീൽഡർ ജാവി ഹെർണാണ്ടസാണ് (89) വലകുലുക്കിയത്. 13ന് സ്വന്തം തട്ടകത്തിൽ കരുത്തരായ മോഹൻ ബഗാനെതിരെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
ആദ്യ പകുതിയിൽ ബെംഗളൂരു ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് രണ്ട് മികച്ച അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. 43ാം മിനിറ്റിൽ ഫെഡോർ സെർണിച്-ദിമിത്രിയോസ് നീക്കം ബെംഗളൂരു പ്രതിരോധത്തിൽ തട്ടി തകർന്നു. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ചുകളിച്ച സന്ദർശകർ തുടക്കത്തിൽതന്നെ മുഹമ്മദ് എയ്മനെ കളത്തിലിറക്കി. ബ്ലാസ്‌റ്റേഴ്‌സ് അവസാന മിനിറ്റുകളിൽ എതിർ ബോക്‌സിനെ നിരന്തരം വിറപ്പിച്ചെങ്കിലും ബെംഗളൂരു പ്രതിരോധം ഭേദിക്കാൻ കഴിഞ്ഞതേയില്ല.
68ാം മിനിറ്റിൽ ഗോൾകീപ്പർ കരൺജിതിന്റെ അവസരോചിത ഇടപടൽ മഞ്ഞപ്പടക്ക് തുണയായി. അവസാന മിനിറ്റിൽ ഡെയ്‌സുകി സകായിയെ പിൻവലിച്ച് മലയാളി താരം കെപി രാഹുലിനെ കളത്തിലിറക്കി. ബിപിൻ മോഹന്റെ ത്രൂബോൾ ഏറ്റുവാങ്ങിക്കൊണ്ട് കെ.പി രാഹുൽ വലതുവിങിലൂടെ മുന്നേറി ബോക്‌സിലക്ക് നൽകിയ പന്ത് വലയിലെത്തിക്കാൻ ഫെഡോർ സെർണിചിന് സാധിച്ചില്ല. മറുവശത്ത് ലഭിച്ച അവസരം ആതിഥേയർ ഗോളാക്കി മാറ്റി.