പൗരത്വ ഭേദഗതി നിയമത്തിനെതിരായ സിപിഐഎം റാലി ഇന്ന്. മുഖ്യമന്ത്രി പിണറായി വിജയന്‍ റാലി ഉദ്ഘാടനം ചെയ്യും.സമസ്ത ഉള്‍പ്പടെയുള്ള മത, സാമൂഹ്യ, രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ നേതാക്കളെ പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. 2020ല്‍ മഹാറാലി സംഘടിപ്പിച്ചതിന് സമാനമായി വിവിധ മത സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കള്‍ പങ്കെടുക്കും. 2020ല്‍ സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ.ആലിക്കുട്ടി മുസല്യാരായിരുന്നു അധ്യക്ഷനെങ്കില്‍ ഇത്തവണ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമാണ് അധ്യക്ഷന്‍. മാർച്ച് 22 മുതൽ 27 വരെ കോഴിക്കോട്, കാസർഗോഡ് , കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളിലായാണ് റാലികൾ സംഘടിപ്പിക്കുന്നത്. ആദ്യ റാലി നാളെ വൈകുന്നേരം 7 മണിക്ക് കോഴിക്കോട് കടപ്പുറത്ത് നടക്കും. മതത്തിന്റെ പേരു പറഞ്ഞു പൗരത്വം നിഷേധിക്കുന്ന ഈ കിരാത നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്നത് എൽഡിഎഫ് സർക്കാരിന്റെ ഉറച്ച നിലപാടാണ്. ഈ നിലപാട് ഉയർത്തിപ്പിടിച്ചുകൊണ്ട് ഒരുമിച്ച് നമുക്ക് മതനിരപേക്ഷ -ജനാധിപത്യ ഇന്ത്യക്കായി അണിചേരാമെന്നും മുഖ്യമന്ത്രി കുറിച്ചു.