India News

പ്രാർത്ഥനകൾ വിഫലം: മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു

മധ്യപ്രദേശിൽ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് വയസ്സുകാരി മരിച്ചു. ചൊവ്വാഴ്ച രാജ്ഗഢ് ജില്ലയിൽ കളിക്കുന്നതിനിടെയാണ് കുട്ടി കുഴൽക്കിണറിൽ വീണത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ബോഡ പൊലീസ് സ്റ്റേഷൻ പരിധിയിലെ പിപ്ലിയ രസോദ ഗ്രാമത്തിലാണ് സംഭവം. മഹി (4) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് വീടിന് സമീപത്തെ പറമ്പിൽ കളിക്കുന്നതിനിടെ തുറന്ന കുഴൽക്കിണറിൽ വീഴുകയായിരുന്നു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പുലർച്ചെ 2.45 ഓടെയാണ് മഹിയെ ജീവനോടെ പുറത്തെത്തിച്ചത്.

25 അടി താഴ്ചയിലേക്ക് വീണ കുട്ടിയെ സമാന്തരമായി കുഴിയെടുത്താണ് വിദഗ്ധ സംഘം രക്ഷിച്ചത്. കുട്ടിയെ പാച്ചോറിലെ സിവിൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും നില വഷളായി. തുടർന്ന് 70 കിലോമീറ്റർ അകലെയുള്ള ഭോപ്പാലിലെ ഹമീദിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച പെൺകുട്ടി ചികിത്സയ്ക്കിടെ രാവിലെ 6 മണിയോടെ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Posts

Leave a Reply