ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകൾ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തിൽ പരാതി നൽകിയതിന് പിന്നാലെ ദളിത് കുടുംബത്തിന് ഭ്രഷ്ട്. കർണാടകയിലാണ് സംഭവം.
പതിനഞ്ചുകാരിയായ പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ബലാത്സംഗ വിവരം കുടുംബം അറിയുന്നത്. ഇതോടെ കുട്ടിയുടെ കുടുംബം പൊലീസിൽ പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചൂണ്ടിക്കാട്ടി പരാതി നൽകുകയായിരുന്നു.
ഉയർന്ന ജാതിയിൽപ്പെട്ട യുവാവാണ് ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഉയർന്ന ജാതി നേതാക്കൾ ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. ഇതിൽ പ്രകോപിതരായാണ് കുടുംബത്തിന് വിലക്കേർപ്പെടുത്തിയത്.
അവശ്യസാധനങ്ങൾ ഉൾപ്പെടെ വാങ്ങുന്നതിന് പോലും കുടുംബത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇത് തങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും അരിയുൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങാൻ ദൂരെയുള്ള കടകളിലേക്ക് പോകേണ്ടിവരികയാണെന്നും കുടുംബം പറഞ്ഞു.
അതേസമയം സംഭവത്തിൽ ആശങ്കയറിയിച്ച് ദളിത് സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും അധികൃതർ പറഞ്ഞു.