ആലപ്പുഴയില്‍ പ്രസവം നിര്‍ത്താനുള്ള ശസ്ത്രക്രിയക്കിടെ മരിച്ച ആശാ ശരത്തിന്റെ വീട്ടിലെത്തി ജി സുധാകരന്‍. ജില്ലാ പൊലീസ് മേധാവിയെ ബന്ധപ്പെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കുടുംബത്തിന് നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ടതായി ജി സുധാകരന്‍ പറഞ്ഞു. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് അവരെ ആശ്വസിപ്പിച്ചെന്ന് സുധാകരന്‍ അറിയിച്ചു. കുടുംബാംഗങ്ങളുടെ സാന്നിധ്യം ഇല്ലാതെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയതായും, മരണത്തില്‍ സംശയമുള്ളതായും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, സംഭവത്തില്‍ വിദഗ്ധ സര്‍ജന്മാരുടെ സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തും. പോസ്റ്റ്‌മോര്‍ട്ടം വീഡിയോയില്‍ ചിത്രീകരിക്കും. വെള്ളിയാഴ്ച രാവിലെയാണ് ആശയെ ശസ്ത്രക്രിയയ്ക്കായി കടപ്പുറം വനിതാ ശിശു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കിടെ അസ്വസ്ഥത കാണിക്കുകയും അമിത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ആശ ഗുരുതരാവസ്ഥയിലായതോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം.