പ്രശസ്ത സിനിമറ്റോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവന് ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നൽകി ഇന്ന് കാൻ ചലച്ചിത്രമേള ആദരിക്കും. ഇതാദ്യമായാണ് ഒരു ഏഷ്യക്കാരന് ഈ പുരസ്‌കാരം ലഭിക്കുന്നത്. മലയാളിയെ അഭിമാനത്തിന്റെ കൊടുമുടിയിൽ എത്തിക്കുന്നു സന്തോഷ് ശിവന്റെ ഈ അതുല്യനേട്ടം.
2013-ലാണ് ഛായാഗ്രഹണമികവിനുള്ള പിയർ ആഞ്ജിനോ എക്‌സലൻസ് ഇൻ സിനിമറ്റോഗ്രാഫി പുരസ്‌കാരം കാൻ ഫെസ്റ്റിവലിൽ നൽകാൻ ആരംഭിച്ചത്. ആധുനിക സൂം ലൈൻസിന്റെ പിറവിക്ക് കാരണഭൂതനായ പിയർ ആഞ്ജിനോയുടെ സ്മരണയ്ക്കായാണ് പുരസ്‌കാരം. ഈ ബഹുമതി ലഭിക്കുന്ന ആദ്യത്തെ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ.
അഭ്രപാളികളിൽ സൗന്ദര്യാത്മകയുടെ മായാലോകം സൃഷ്ടിക്കുന്ന കാമറയാണ് സന്തോഷിന്റെ സവിശേഷത. റോജ, ദളപതി, ദിൽസേ, ഇരുവർ, രാവൺ, പെരുന്തച്ചൻ, യോദ്ധ, കാലാപാനി, വാനപ്രസ്ഥം, തുടങ്ങി സന്തോഷിന്റെ കാമറ അത്ഭുതം സൃഷ്ടിച്ച സിനിമകൾ അനവധിയാണ്പ ത്തിലധികം ദേശീയ പുരസ്‌കാരങ്ങളും ഇരുപതിലധികം അന്താരാഷ്ട്ര പുരസ്‌കാരങ്ങളും നേടിയ സന്തോഷ് ശിവനെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുമുണ്ട്.
ഐതിഹാസിക ഛായാഗ്രാഹകരായ എഡ്വേർഡ് ലാക്മൻ, ആഗ്നസ് ഗൊദാർദ്, ബാരി അക്‌റോയ്ഡ്, റോജർ ഡീക്കിൻസ് തുടങ്ങിയവർ ഏറ്റുവാങ്ങിയ പുരസ്‌കാരമാണ് സന്തോഷ് ശിവനെ തേടിയെത്തിയിരിക്കുന്നതെന്നത് മലയാളിക്കും ഇന്ത്യൻ സിനിമയ്ക്കും ഇരട്ടിമധുരം പകരുന്നു.