International News

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകൾക്കകം ബംഗ്ലാദേശ് പാർലമെൻ്റ് പിരിച്ചുവിട്ടു

ഡല്‍ഹി: പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യം വിട്ട് മണിക്കൂറുകൾക്കകം ബംഗ്ലാദേശ് പാർലമെൻ്റ് പിരിച്ചുവിട്ടു. 2024 ജനുവരിയിൽ തിരഞ്ഞെടുപ്പിനെ തുടർന്ന് നിലവിൽ വന്ന പാർലമെൻ്റ് പിരിച്ചുവിടുന്നതായി ബംഗ്ലാദേശ് പ്രസിഡൻ്റ് മുഹമ്മദ് ഷഹാബുദ്ദീനാണ് പ്രഖ്യാപിച്ചത്. കര, നാവിക, വ്യോമസേനാ മേധാവികളും രാഷ്ട്രീയ പാർട്ടി നേതാക്കളും രാജ്യത്തെ പ്രമുഖരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

ഷെയ്ഖ് ഹസീന രാജിവച്ചതോടെ ബം​ഗ്ലാ​​​ദേശിൽ ഇനി സൈനിക ഭരണം നിലവിൽ വരും. വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ സൈനിക ഭരണമല്ല ബം​ഗ്ലാദേശിന് ആവശ്യമെന്നാണ് വിദ്യാർ‌ത്ഥി പ്രക്ഷോഭകരുടെ നിലപാട്.

ഒരു ഇടക്കാല സർക്കാർ ചുമതലയേൽക്കുമെന്ന് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമാനാണ് അറിയിച്ചത്. എല്ലാ കൊലപാതകങ്ങളും അന്വേഷിക്കുമെന്നും ഉത്തരവാദികളെ ശിക്ഷിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു സൈന്യവും പൊലീസും ഒരു തരത്തിലുള്ള വെടിവയ്പ്പിലും ഏർപ്പെടരുതെന്ന് താൻ ഉത്തരവിട്ടിട്ടുണ്ട്. ഇപ്പോൾ, വിദ്യാർത്ഥികളുടെ കടമ ശാന്തമായിരിക്കുകയും ഞങ്ങളെ സഹായിക്കുകയും ചെയ്യുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഷെയ്ഖ് ഹസീന രാജിവെച്ച് മണിക്കൂറുകൾക്കകം അവരുടെ ഏറ്റവും വലിയ എതിരാളിയും മുൻ പ്രധാനമന്ത്രിയുമായ ഖാലിദ സിയയെ ഉടൻ ജയിലിൽ നിന്ന് മോചിപ്പിക്കുമെന്ന് പ്രസിഡൻ്റ് ഷഹാബുദ്ദീൻ പ്രഖ്യാപിച്ചിരുന്നു. ഒരു ദശാബ്ദത്തിലേറെയായി രാഷ്ട്രീയ എതിരാളികളാണ് ഹസീനയും സിയയും.

രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം തുടങ്ങിയതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ഷെയ്ഖ് ഹസീനയുടെ പാ‍‌ർട്ടിയായ അവാമി ലീഗിൻ്റെ ധൻമോണ്ടിയിലെ ഓഫീസിന് പ്രക്ഷോഭകർ തീയിട്ടിരുന്നു. ധാക്കയിലെ ബംഗബന്ധു മെമ്മോറിയൽ മ്യൂസിയത്തിന് പ്രതിഷേധക്കാർ തീയിട്ടു. ബംഗ്ലാദേശ് കലാപത്തിൻ്റെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് സുരക്ഷ വർധിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവത്തിന് പിന്നാലെ ഇന്ത്യ-ബം​ഗ്ലാദേശ് അതിർത്തിയിൽ ബിഎസ്എഫ് സുരക്ഷ കർശനമാക്കിയിരുന്നു. സ്ഥിതിഗതികൾ വിലയിരുത്താൻ ബിഎസ്എഫ് ഡി ജി ദൽജിത് സിംഗ് ചൗധരി കൊൽക്കത്തയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഷെയ്ഖ് ഹസീനയ്ക്ക് സുരക്ഷിത യാത്രയ്ക്ക് അവസരമൊരുക്കുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയെന്നും വാർത്തകളുണ്ടായിരുന്നു. ബംഗ്ലാദേശ് അതിർത്തി പ്രദേശങ്ങളിലേക്കുള്ള ട്രെയിൻ സർവീസുകളും, ചരക്ക് സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചു.

ഇന്ത്യയിലെ ​ഗാസിയാബാദിൽ അഭയം പ്രാപിച്ച ഷെയ്ഖ് ഹസീന ലണ്ടനിലേക്ക് പോകുമെന്നാണ് വിവരം. 15 വർഷത്തെ ഭരണത്തെ പരിമിതപ്പെടുത്തിക്കൊണ്ടാണ് ബംഗ്ലാദേശിൽ നിന്ന് ഷെയ്ഖ് ഹസീനയുടെ വിടവാങ്ങൽ. ഇന്ത്യയിലാണ് ഷെയ്ഖ് ഹസീനയും സഹോദരിയും എത്തിയത്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിൻ്റെയും എൻഎസ്എ അജിത് ഡോവലിൻ്റെയും സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗം വിളിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി മന്ത്രിസഭാ യോഗത്തിന് നേതൃത്വം നൽകി.

പ്രക്ഷോഭങ്ങളിൽ 300 ഓളം പേർ കൊല്ലപ്പെടുകയും ഒടുവിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകർ ഇരച്ചെത്തുകയും ചെയ്ത സാഹചര്യത്തിലായിരുന്നു രാജി. രാജിക്ക് പിന്നാലെ കൂടുതൽ സുരക്ഷിതമായ സ്ഥലത്തേക്ക് താവളം മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് ഷെയ്ഖ് ഹസീന രാജ്യം വിട്ടത്. സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ സഹോദരി ഷെയ്ഖ് റിഹാനയ്ക്കൊപ്പമാണ് ഇവർ ബംഗ്ലാദേശ് വിട്ടത്.

Related Posts

Leave a Reply